ഇനി പഠനം കൂൂൂൂൂൾ...
text_fieldsനഗരസഭയിലെ കൈനോട് പ്രദേശത്തെ സ്മാർട്ട് അംഗൻവാടി
മലപ്പുറം: മുഴുവൻ അംഗൻവാടികളിലും എയർകണ്ടീഷൻ സൗകര്യം, സ്മാർട്ട് ടി.വി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങൾ, ശിശു സൗഹൃദ ഫർണിച്ചറുകൾ, സ്റ്റോറേജ് ബിന്നുകൾ, മിക്സി ഗ്രൈൻഡറുകൾ തുടങ്ങിയവ ഒരുക്കി ‘സ്മാർട്ട് അംഗൻവാടി പദ്ധതി’മലപ്പുറം നഗരസഭ പൂർത്തീകരിച്ചു.
സമ്പൂർണ ഹൈടെക് അംഗൻവാടികളുടെ പൂർത്തീകരണ പ്രഖ്യാപനം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി വ്യാഴാഴ്ച മലപ്പുറം ടൗൺഹാളിൽ നിർവഹിക്കും. സാധാരണക്കാർ ഉൾപ്പെടെയുള്ളവരുടെ കുട്ടികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പുറംഭാഗം ട്രെയിനുകളുടെ കമ്പാർട്ട്മെൻറ് രൂപത്തിലാണ്. അകത്ത് ചുമരുകളിൽ ഏകീകൃത കളർ നൽകി ശിശു സൗഹൃദ ആകർഷകമായ കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടെ വരച്ചുമാണ് എല്ലാ അംഗൻവാടികളിലെയും ചുമരുകൾ തയാറാക്കിയത്. ആകെയുള്ള 64 അംഗൻവാടികളിൽ 42 എണ്ണം സ്വന്തം കെട്ടിടത്തിലും 22 അംഗൻവാടികൾ വാടക കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.
സ്വന്തം കെട്ടിടത്തിലും വാടക കെട്ടിടത്തിലും ഒരേ തരത്തിലുള്ള സൗകര്യമൊരുക്കി എന്ന അപൂർവ നേട്ടവും മലപ്പുറത്തെ അംഗൻവാടികൾ പദ്ധതി മുഖാന്തരം നേടി. കേന്ദ്രസർക്കാർ ഫണ്ടും നഗരസഭയുടെ തനത് ഫണ്ടും ഉൾപ്പെടെ രണ്ടു കോടി 45 ലക്ഷം രൂപക്ക് ബഹുവർഷ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നഗരസഭ പൂർത്തിയാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സമ്പൂർണമായി വൈദ്യുതീകരണവും പൂർത്തീകരിച്ചു.
കൂടാതെ അംഗൻവാടികളിൽ എത്തുന്ന രക്ഷിതാക്കൾക്കും പൂർണമായ സൗകര്യങ്ങളും മുഴുവൻ രക്ഷിതാക്കൾക്കും ഇരിക്കാൻ വേണ്ടി ആയിരം കസേരകളുമാണ് നഗരസഭ നൽകിയത്. മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സമ്പൂർണ എയർകണ്ടീഷൻ സ്മാർട്ട് മോഡേൺ അംഗൻവാടി പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, പി. ഉബൈദുല്ല എം.എൽ.എ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, കലക്ടർ വി.ആർ. വിനോദ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

