നൗഷാട് വിട വാങ്ങി, വീടെന്ന സ്വപ്നം ബാക്കിയായി
text_fieldsനൗഷാദ്
പാങ്ങ്: വാൽപാറ ദുരന്തത്തിൽപെട്ട് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചയോടെ നൗഷാദ് വിട പറഞ്ഞത് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിന് മുമ്പ്. വാടക വീട്ടിലായിരുന്നു താമസം. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുതുകുർശ്ശിയിലുള്ള സ്ഥലമടക്കം വിറ്റ് വാഴേങ്ങലിൽ കുറച്ച് സ്ഥലം എടുത്തിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും തറയിടാൻ കഴിഞ്ഞിട്ടില്ല. ഇനി സഹായം തേടിയിട്ടാണെങ്കിലും ആ സ്വപ്നം സാക്ഷാത്കരിച്ചു കൊടുക്കണമെന്നാണ് നൗഷാദിന്റെ ഭാര്യ സഹോദരൻ മുസ്തഫ പറയുന്നത്. ചെറുപ്പം മുതലേ ഡ്രൈവർ ജോലി ചെയ്തുവരുന്ന നൗഷാദ് സ്വന്തം നാടായ മുതുകുർശ്ശിയിലെ പൈപ്പ് കമ്പനിയിൽ ഏറെക്കാലം ഡ്രൈവറായിരുന്നു.
ഒരു സഹോദരിയെ പാങ്ങിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നതോടുകൂടിയാണ് നൗഷാദും പാങ്ങുമായി ബന്ധപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കുകയും പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ ഡ്രൈവറായി ജോലിയിൽ കയറുകയും ചെയ്തു. ഭാര്യ സീനത്ത് താമസസ്ഥലത്തിന് തൊട്ടടുത്തുള്ള എ.എം.എൽ.പി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത് അടുത്ത കാലത്താണ്. ഈയിടെ ശമ്പളം കിട്ടിത്തുടങ്ങിയിട്ടേയുള്ളൂ. വാൽപാറ യാത്രയിൽ നൗഷാദിന്റെ രണ്ടു കുട്ടികളെകൂടി കൂട്ടാനിരുന്നതാണ്. അപ്പോൾ ടൂറിസ്റ്റ് വാഹനത്തിൽ ഡ്രൈവറായ മുസ്തഫ പെരിന്തൽമണ്ണയിലെ ഒരു ടീമിനെയും കൊണ്ട് മൂന്നാറിലേക്ക് പോകുന്നുണ്ടെന്നും അതിൽ ഒഴിവുണ്ടെന്നും പറഞ്ഞ് കുട്ടികളെ മുസ്തഫ മൂന്നാറിലേക്ക് കൂട്ടുകയായിരുന്നു. അങ്ങനെയാണ് വാൽപാറ യാത്രയിൽനിന്ന് കുട്ടികൾ ഒഴിവായത്.
രാവിലെ 11 നുശേഷം കോയമ്പത്തൂർ മെഡിക്കൽ കോളജിൽനിന്ന് വിട്ടുകിട്ടിയ മൃതദേഹം സമീപത്തു തന്നെ കെ.എം.സി.സി സൗകര്യപ്പെടുത്തിയ സ്ഥലത്ത് മയ്യിത്ത് കുളിപ്പിച്ച് സ്വദേശമായ മുതുകുറുശ്ശിയിൽ എത്തിച്ചു. ചേനാമ്പറമ്പ് മഹല്ല് പള്ളിയോട് ചേർന്ന ഹാളിൽ പൊതുദർശനവും മയ്യിത്ത് നമസ്കാരവും നടത്തി. ശേഷം താമസസ്ഥലമായ പാങ്ങ് വാഴേങ്ങലിൽ എത്തിച്ച് നൂറാനിയ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടന്നു. നാട്ടുകാർക്ക് നൗഷാദിനെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളു. വർഷങ്ങളായി ജന്മനാടായ മുതുകുർശ്ശിയിൽനിന്ന് പാങ്ങിൽ എത്തിപ്പെട്ട് സ്ഥിര താമസക്കാരനാക്കിയ നൗഷാദ് മുതുകുർശ്ശിയിലും പാങ്ങിലുമുള്ള നാട്ടുകാർക്ക് പ്രിയങ്കരനാണ്. പാങ്ങ് ജി.എൽ.പി സ്കൂളിലെ ബസ് ഡ്രൈവറായ നൗഷാദിന് സ്കൂൾ വിട്ടാൽ വീട്, വീടു വിട്ടാൽ സ്കൂൾ എന്ന രീതിയിലായിരുന്നു ജീവിതം. അനാവശ്യ കൂട്ടുകെട്ടുകളും കുഴപ്പങ്ങളും ജീവിതത്തിലില്ലായിരുന്നു. സ്കൂളിലും നാട്ടുകാർക്കിടയിലും ഒരു കുടുംബാംഗത്തെപ്പോലെയാണ് നൗഷാദ് പെരുമാറിയിരുന്നത്. കുട്ടികളുമായി എപ്പോഴും സാധനങ്ങൾ വാങ്ങാൻ കടയിൽ വരാറുണ്ടായിരുന്നെന്ന് വീടിനടുത്ത് കട നടത്തുന്ന ശാന്തകുമാരി ചേച്ചി പറഞ്ഞു. അപ്പോഴൊക്കെ ഇളയ പെൺകുട്ടി ‘ഉപ്പ അത്, ഉപ്പ ഇത്’ എന്നു പറഞ്ഞ് ഓരോരോ മിഠായികളും മറ്റും ചൂണ്ടിക്കാണിക്കുമ്പോൾ അതൊക്കെ സ്നേഹച്ചിരിയോടെ വാങ്ങിക്കൊടുക്കുമായിരുന്നുവെന്ന് അവർ പറഞ്ഞു. ചൂണ്ടിക്കാണിക്കുമ്പോൾ സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ അങ്ങനെയൊരു ഉപ്പ ഇനിയില്ല എന്നത് സങ്കടപ്പെടുത്തുന്നുവെന്ന് അവർ കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.
നൗഷാദിന്റെ പിതാവ്: പരേതനായ ആക്കപറമ്പിൽ അബ്ദുല്ല. മാതാവ്: ആമിന. ഭാര്യ: പാങ്ങ് പടിഞ്ഞാറ്റുമുറിയിലെ പരേതനായ ചേരാംപുറത്ത് ബാവയുടെ മകൾ സീനത്ത് (സൗത്ത്പാങ്ങ് എൽ.പി സ്കൂൾ അധ്യാപിക). മക്കൾ: ഫഹീം നാജിദ് (പാങ്ങ് ജി.യു.പി സ്കൂൾ ആറാംതരം വിദ്യാർഥി), സൻഹ ഫാത്തിമ (സൗത്ത് പാങ്ങ് എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി). സഹോദരങ്ങൾ: ജമീല (സൗത്ത് പാങ്ങ് എൽ.പി സ്കൂൾ അധ്യാപിക), സുബൈദ, ഫള്ലുദ്ദീൻ, ഖദീജ, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

