സർവകലാശാല സംഘർഷം: പ്രവർത്തകരെ നേരിടാൻ പത്തിലൊന്ന് പൊലീസ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മാറ്റാൻ ആവശ്യപ്പെട്ടുള്ള എസ്.എഫ്.ഐ സമരത്തെ നേരിടാൻ കാമ്പസിലെത്തിയത് പത്തിലൊന്ന് പോലീസ്. സമരത്തിന് 500 ഓളം എസ്.എഫ്.ഐ പ്രവർത്തകർ എത്തിയിരുന്നു. എന്നാൽ നൂറിൽ താഴെ പൊലീസുകാരെ മാത്രമാണ് നിയോഗിച്ചത്. ഭരണകാര്യാലയത്തിനകത്തെ വി.സി ഓഫിസിലേക്ക് എത്താനുള്ള തള്ളിക്കയറ്റം സംഘർഷത്തിന് വഴിമാറിയതോടെ പൊലീസുകാരിൽ പലരുടെയും ലാത്തിയും തൊപ്പിയും ഹെൽമെറ്റുമെല്ലാം കാറ്റിൽ പറന്നു.
പൊലീസുകാരിലും പ്രവർത്തകരിലും ചിലർക്ക് നേരിയ പരിക്കേറ്റു. ഇവർ ചികിത്സ തേടി. എണ്ണത്തിൽ കൂടുതലുള്ള പ്രവർത്തകരുടെ തള്ളിക്കയറ്റത്തെ പ്രതിരോധിക്കാൻ പൊലീസിന് ശേഷി ഉണ്ടായിരുന്നില്ല. അതിനാൽ ഭരണകാര്യാലയത്തിന്റെ ഗ്രില്ല് തുറന്ന സന്ദർഭത്തിൽ പ്രവർത്തകരിൽ പലർക്കും അകത്തു കടക്കാനായി. തിങ്കളാഴ്ച ഉച്ചക്ക് 1.40 ഓടെ തേഞ്ഞിപ്പലം ഭരണകാര്യാലയത്തിനകത്തേക്ക് കടക്കാൻ ശ്രമിക്കവെ നേതാക്കൾ തടഞ്ഞു. തുടർന്ന് ഗോ ബാക്ക് വിളിയും കൂക്കി വിളിയും ഉയർന്നു. സി.ഐ മുസ്ലിം ലീഗ് നേതാക്കളുടെയും പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെയും വാക്ക് കേട്ട് പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, സംസ്ഥാന കമ്മിറ്റിയംഗം സയ്യിദ് മുഹമ്മദലി സാദിഖ് തുടങ്ങിയവർ സി.ഐക്കെതിരെ രംഗത്തെത്തിയത്. സർവകലാശാല വിദ്യാർഥി ക്ഷേമ വിഭാഗം ഓഫിസിൽ തിങ്കളാഴ്ച സമരം നടത്തിയ കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ കാണിച്ച ആവേശം എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ കാണിച്ചില്ലെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

