ഉത്തര മേഖല ജലോത്സവം തോണികൾ നീറ്റിലിറക്കി
text_fieldsഉത്തര മേഖല ജലോത്സവത്തിനായി നിർമിച്ച തോണി നീറ്റിലിറക്കാൻ കൊണ്ടുപോകുന്നു
കീഴുപറമ്പ്: 21ാമത് ഉത്തര മേഖല ജലോത്സവത്തിനായി നിർമിച്ച മൂന്ന് തോണികൾ നീറ്റിലിറക്കി. കീഴുപറമ്പ് സി.എച്ച് ക്ലബിന്റെ നേതൃത്വത്തിലാണ് ചാലിയാറിലെ എടശ്ശേരി കടവിൽ ജലോത്സവം സംഘടിപ്പിക്കുന്നത്.
തോണികൾ നിർമിച്ച ആശാരിയുടെ ഷെഡിൽനിന്ന് പരമ്പരാഗത രീതിയിൽ വഞ്ചിപ്പാട്ടുകൾ പാടി റോഡ് വഴി ചുമലിലേറ്റിയാണ് തോണികൾ ചാലിയാറിൽ എത്തിച്ചത്. ഫെബ്രുവരി 12നാണ് ജലോത്സവം. അരീക്കോടും പരിസരങ്ങളിലുമുള്ള ഇരുപതോളം ടീമുകളാണ് പങ്കെടുക്കുക. എല്ലാ ടീമുകൾക്കും വ്യത്യസ്ത തരത്തിലുള്ള തോണികളാണ് ഉണ്ടാവുക. എന്നാൽ, ഇത് പലപ്പോഴും വിധി നിർണയത്തിന് ബുദ്ധിമുട്ടാകാറുണ്ട്. അതിനുപരിഹാരമായാണ് തോണികൾ നിർമിച്ചതെന്ന് സംഘാടകർ പറഞ്ഞു.
ചാലിയാറിന്റെ തീരത്തുനിന്ന് ശേഖരിച്ച മഹാഗണി തടികൾ ഉപയോഗിച്ചാണ് മൂന്ന് തോണികളും നിർമിച്ചത്. കീഴുപറമ്പ് സ്വദേശിയായ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് നിർമാണം. കഴിഞ്ഞ അഞ്ചുവർഷവും ഇദ്ദേഹമാണ് ജലോത്സവത്തിനുള്ള തോണികൾ നിർമിച്ചതെന്ന് സംഘാടകർ പറഞ്ഞു. ഏകദേശം ഒന്നര ലക്ഷം രൂപയാണ് ഒരുതോണിക്ക് വില. 38 അടി നീളത്തിലും 25 ഇഞ്ച് വീതിയിലുമാണ് നിർമാണം.
നാട്ടുകാരും ക്ലബ് അംഗങ്ങളും ആവേശത്തോടെ ആർത്തുവിളിച്ചാണ് തോണികൾ പുഴയിൽ ഇറക്കിയത്. മത്സരത്തിൽ പങ്കെടുക്കുന്ന ചില ടീമുകൾ തോണികൾ ഉപയോഗിച്ച് പുഴയിൽ പരിശീലനം നടത്തി. എം.കെ. ഷാജഹാൻ, കെ.സി.എ. ഷുക്കൂർ, മാട്ട സത്താർ, സുടു സലിം, എൻ.കെ. മുഹ്സിൻ, വൈ.പി. നിസാർ, അഹമ്മദ് കുട്ടി, മാട്ട അബ്ദു എന്നിവർ നേതൃത്വം നൽകി.