സീബ്രാലൈനുകളില്ല; ആലത്തൂർപടിയിൽ ഹൈവേ മുറിച്ചുകടക്കാൻ പേടിക്കണം
text_fieldsആലത്തൂർപടിയിൽ സീബ്രാലൈൻ മാഞ്ഞുപോയ നിലയിൽ
മലപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മേൽമുറി ആലത്തൂർപടിയിൽ സീബ്രാലൈനുകൾ അപ്രത്യക്ഷമായത് കാൽനട യാത്രികർക്കും വിദ്യാർഥികൾക്കും അപകട ഭീഷണിയാകുന്നു. റൂട്ടിൽ മൂന്ന് ഇടങ്ങളിലാണ് സീബ്രാലൈനുകളുണ്ടായിരുന്നത്. ഇപ്പോൾ റോഡിൽനിന്ന് അപ്രത്യക്ഷമായ നിലയിലാണ്. സീബ്രാലൈനുകൾ അപ്രത്യക്ഷമായതോടെ യാത്രക്കാരും കുട്ടികളും വേഗത നിയന്ത്രിക്കാൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ബ്രേക്കർ ലൈനിലൂടെയാണ് റോഡ് മുറിച്ച് കടക്കുന്നത്.
കനത്ത മഴ കൂടി എത്തിയാൽ സ്ഥിതി ഗുരുതരമാകും. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നിത്യവും നിരവധി വിദ്യാർഥികളും നാട്ടുകാരും ആശ്രയിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. ആലത്തൂർപടി എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂൾ, മഅ്ദിൻ സ്ഥാപനങ്ങൾ, എം.സി.ടി സ്ഥാപനങ്ങൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റൂട്ടിലാണ് പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ കുട്ടികളുടെയും യാത്രക്കാരുടെയും വലിയ തിരക്കാണ് സ്ഥലത്തുള്ളത്. ഈ റൂട്ടിൽ തന്നെയാണ് തിരക്കുള്ള ജുമുഅ മസ്ജിദുകളും സ്ഥിതി ചെയ്യുന്നത്.
ദീർഘദൂര യാത്രക്കാർ നിസ്കരിക്കാനും മറ്റു പ്രാഥമിക സൗകര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ സ്ഥലമായി ഈ റൂട്ടിലെ പള്ളികളെയാണ് തെരഞ്ഞെടുക്കുന്നത്. ഇവർ വാഹനം പാർക്ക് ചെയ്ത് റോഡ് മുറിച്ചുകടക്കാനും ഏറെ ഗതികേട് നേരിടുന്നുണ്ട്. സീബ്രാലൈനുകൾ പുനഃസ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നഗരത്തിലെ മിക്കയിടങ്ങളിലും സീബ്രാലൈൻ മാഞ്ഞുപോയ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

