വിദഗ്ധ ചികിത്സയും ആരോഗ്യ പരിചരണവുമില്ല; ആദിവാസി സഹോദരങ്ങള്‍ ദുരിതക്കയത്തില്‍
text_fieldsഎടക്കര: വിദഗ്ധ ചികിത്സയും ആരോഗ്യ പരിചരണവും ലഭിക്കാതെ ആദിവാസി സഹോദരങ്ങള്‍ ദുരിതക്കയത്തില്‍. ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനി അമ്പലപ്പൊയില്‍ മേലെ നഗറിലെ സഹോദരങ്ങളായ കുട്ടന് (46), വാസു (ചെറിയകുഞ്ഞ് 41) എന്നിവരാണ് ദുരിതത്തിൽ. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന കുട്ടന് മൂന്നുവര്‍ഷം മുമ്പ് പക്ഷാഘാതത്തെത്തുടര്‍ന്നാണ് അവശനായത്. ഇയാളുടെ വലത് ഭാഗം തളര്‍ന്ന് പോയിട്ടുണ്ട്. എങ്കിലും ഊന്നുവടിയുടെ സഹായത്താല്‍ ഊരിലൂടെ നടക്കുമായിരുന്നു.
ഇപ്പോള്‍ നടക്കാന്‍ പറ്റാതെ കിടപ്പിലായിരിക്കുകയാണ്. കുട്ടന്റെ സഹോദരന് വാസു ഒരു മാസം മുമ്പ് വരെ ആരോഗ്യവാനായിരുന്നു. പനിയും ഛര്‍ദ്ദിയുമുണ്ടായി നിലമ്പൂര്‍ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സ നടത്തുകയും ചെയ്തു. തുടർന്ന് ഒരുമാസമായി തീരെ അവശനായി ഇയാളും കിടപ്പിലാണ്. എന്താണ് വാസുവിന്റെ അസുഖമെന്ന് കണ്ടെത്താൻ പോലും ഇവര്‍ക്കാകുന്നില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീടുകളിലാണ് ഇവർ കഴിയുന്നത്.
വാസുവിന്റെ വീട്ടില്‍ കക്കൂസ് പോലുമില്ല. ഇയാളുടെ ഭാര്യ ബിന്ദു തൊഴിലുറപ്പ് പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. വാസു കിടപ്പിലായതോടെ ബിന്ദുവിന് പണിക്ക് പോകാനും പറ്റാതായി. പാലിയേറ്റിവ് അധികൃതര്‍ നല്കുന്ന പരിചരണമാണ് ഇവരുടെ ഏക ആശ്രയം. ആദിവാസി ഊരുകളിലെ വിവരങ്ങള്‍ യഥാസമയങ്ങളില്‍ വിവിധ വകുപ്പ് അധികൃതരെ അറിയിക്കേണ്ട എസ്.ടി പ്രമോട്ടറുടെ സേവനം ഊരില്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
ഐ.ടി.ഡി.പി അധികൃതരും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ല. വനത്തിനുള്ളില്‍ അല്ലാത്തതിനാല്‍ ട്രൈബല്‍ മൊബൈല്‍ യൂനിറ്റിന്റെ സേവനവും ഇവര്‍ക്ക് അന്യമാണ്. സഹോദരങ്ങളുടെ ദുരിതാവസ്ഥയറിഞ്ഞ അമ്പലപ്പൊയില്‍ നവദീപം കലാകായിക വേദി പ്രവര്‍ത്തകരായ പി.ആര്. സുഭാഷ്, സുജിത് കുമാര്‍, ജയാനന്ദന്, സന്തോഷ്, കൃഷ്ണകുമാര്‍, വെട്ടത്ത് സോമന് എന്നിവരുടെ നേതൃത്വത്തില്‍ ഊരിലെത്തി രോഗികള്‍ക്ക് കിടക്ക, ഫാന്‍, ബള്‍ബുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുകയും അവശ്യസാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

