സിഗ്നലും സീബ്രലൈനുമില്ല; മലപ്പുറം വനിത കോളജ് പരിസരത്ത് അപകട ഭീഷണി
text_fieldsമലപ്പുറം: റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് മലപ്പുറം ഗവ. വനിത കോളജ് വിദ്യാർഥികൾക്ക് അപകട ഭീഷണി ഉയർത്തുന്നു.മലപ്പുറം -കൂട്ടിലങ്ങാടി റൂട്ടിൽ കാവുങ്ങലിലെ വാടക കെട്ടിടത്തിലാണ് വനിത കോളജ് പ്രവർത്തിക്കുന്നത്. ഇവിടെ രാവിലെയും വൈകീട്ടും വിദ്യാർഥികൾ പ്രയാസപ്പെട്ടാണ് റോഡ് മുറിച്ചുകടക്കുന്നത്.
കാവുങ്ങൽ ജങ്ഷനിലോ 500 മീറ്റർ പരിധിയിലോ സൂചന ബോർഡുകളോ സിഗ്നൽ ലൈറ്റുകളോ സ്ഥാപിക്കാത്തത് വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. പൊതുവെ വീതി കുറവുള്ള ഭാഗത്ത് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ റംബിൾ സ്ട്രിപ്പുകളോ (വെള്ള വര) സ്പീഡ് ബ്രേക്കറുകളോ സ്ഥാപിക്കാത്തതും അപകടസാധ്യത ഉയർത്തുകയാണ്. കൂടാതെ റോഡ് മുറിച്ചുകടക്കാൻ സീബ്രലൈനുകളുമില്ല.
ഈ അധ്യയന വർഷമാണ് മുണ്ടുപറമ്പിലെ വാടക കെട്ടിടത്തിൽനിന്ന് കോളജ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കാവുങ്ങലിലേക്ക് മാറ്റിയത്. സ്വന്തം കെട്ടിടത്തിനായി പാണക്കാട് ഇൻകെൽ എജുസിറ്റിയിലെ അഞ്ച് ഏക്കർ സ്ഥലത്ത് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് നിലയുടെ നിർമാണം സിഡ്കോയാണ് നടത്തുന്നത്. 2015 -16 അധ്യയനവർഷത്തിലാണ് ഗവ. വനിത കോളജ് ആരംഭിച്ചത്.
തുടക്കത്തിൽ കോട്ടപ്പടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക കെട്ടിടത്തിലായിരുന്നു. പിന്നീട് മുണ്ടുപറമ്പിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി. ജില്ലയിലെ ഏക സർക്കാർ വനിത കോളജാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

