കാശിനാഥന്റെ കേശം കണ്ട് ഇനി ആരും കൺഫ്യൂഷനാവില്ല
text_fieldsകാശിനാഥൻ
മലപ്പുറം: കാശിനാഥനെ കണ്ട് ഇത് ആണോ പെണ്ണോ എന്ന് ഇനിയാരും കൺഫ്യൂഷനാവില്ല. അവൻ നീട്ടിവളർത്തിയ ‘കാർകൂന്തൽ’ വൈകാതെ അർബുദ രോഗിക്ക് സമ്മാനിക്കും.
കോവിഡിന് ശേഷം വളർത്തിയ മുടി പലരുടെയും കളിയാക്കലുകൾക്കിടയിലും മുറിക്കാതെ കാത്തുവെച്ചു. 15 ഇഞ്ചോളം നീളത്തിൽ ഇടതൂർന്ന മുടിയാണ് കാശിനാഥന്റേത്. കോവിഡിന് ശേഷം സ്കൂൾ തുറന്നപ്പോൾ രണ്ടാം ക്ലാസിലായിരുന്നു ഒലിപ്രം തിരുത്തി എ.യു.പി സ്കൂൾ വിദ്യാർഥിയായ ഈ മിടുക്കൻ.
മുടി നീട്ടിവളർത്തുന്നതിന്റെ കാര്യം പിതാവ് പ്രവീൺ കുമാർ സ്കൂളിൽ അറിയിച്ചപ്പോൾ പ്രധാനാധ്യാപകൻ ബിജേഷിന്റേയും ക്ലാസിന്റെ ചുമതലയുള്ള അധ്യാപകൻ വൈശാഖിന്റേയും മറ്റു അധ്യാപകരുടെയും പരിപൂർണ പിന്തുണ ലഭിച്ചു. പലരും പെൺകുട്ടി എന്ന് വിളിച്ചു കളിയാക്കിയപ്പോൾ ആദ്യമൊക്കെ സങ്കടമായിരുന്നുവെങ്കിലും പിന്മാറാൻ ഒരുക്കമല്ലായിരുന്നു. കാണുന്നവരെ അസൂയപ്പെടുത്തുന്ന രീതിയിൽ മുടി വളരാൻ തുടങ്ങിയതോടെ കളിയാക്കിയവർ പിന്മാറി.
വള്ളിക്കുന്ന് അത്താണിക്കൽ പാറക്കണ്ണി സ്വദേശിയും കേബിൾ ടി.വി. ഓപറേറ്ററുമായ ചെനയിൽ പ്രവീൺ കുമാർ -ദിഞ്ചു ദമ്പതികളുടെ മകനാണ് കാശിനാഥ്. വള്ളിക്കുന്നിലെ ‘മാധ്യമം’ ലേഖകൻ കൂടിയാണ് പ്രവീൺ. അമ്മയുടെ കരുതൽ കൂടിയുണ്ട് ഈ മുടിയഴകിന് പിന്നിൽ.
ചീകി ഒതുക്കി മുടി മുകളിലേക്ക് കെട്ടിവെക്കാൻ തന്നെ കുറച്ചധികം സമയം വേണം. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ദിവസം മുടി ദാനം ചെയ്യും. സഹോദരി ആവണി കൃഷ്ണ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

