കിടത്തി ചികിത്സയില്ല; രാത്രികാല ഡോക്ടറുമില്ല: മാറ്റമില്ലാതെ മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം
text_fieldsമാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങൾക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു
മാറഞ്ചേരി: ആറ് വർഷം മുമ്പ് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറിയിട്ടും മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയുമില്ല; രാത്രികാല ഡോക്ടറുമില്ല.
1930ൽ പ്രവർത്തനമാരംഭിച്ച ആരോഗ്യകേന്ദ്രം പിന്നീട് കമ്യൂണിറ്റി ഹെൽത്ത് സെന്ററായി മാറ്റുകയും പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുകയുമായിരുന്നു. കിടത്തി ചികിത്സക്കായി 20 ബെഡുകൾ ക്രമീകരിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിൽ സജ്ജീകരിച്ചിരുന്നത്. മാസങ്ങൾക്കകം കിടത്തിചികിത്സ ആരംഭിക്കുമെന്നായിരുന്നു ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ചത്. എന്നാൽ, കിലോമീറ്ററുകൾ അകലെയുള്ള പൊന്നാനി താലൂക്കാശുപത്രിയിൽ മാത്രമാണ് കിടത്തി ചികിത്സ സൗകര്യമുള്ളത്.
രാത്രികാല ഡോക്ടറെ നിയമിക്കുമെന്നും 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല. രാവിലെ മുതൽ വൈകുന്നേരം വരെ മൂന്ന് ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. നിരവധി രോഗികൾ എത്തുന്ന ഒ.പിയിൽ പലപ്പോഴും നീണ്ട നിരയാണ്. മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയിലാണ് സൗകര്യങ്ങളുണ്ടായിട്ടും കിടത്തി ചികിത്സ ആരംഭിക്കാത്തത്.
കിടത്തി ചികിത്സക്കായി ധർണ നടത്തി കോൺഗ്രസ്
മാറഞ്ചേരി: മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രി കാല ഡോക്ടറെ നിയമിക്കണമെന്നും കിടത്തി ചികിത്സ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
പഞ്ചായത്തിൽ യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ആശുപത്രിയിൽ കിടത്തി ചികിത്സയും രാത്രികാല ഡോക്ടർമാരുടെ സേവനവും നടപ്പാക്കുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ജില്ല യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, ഡി.സി.സി മെംബർ എ.കെ. ആലി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. നൂറുദ്ദീൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ ഗഫൂർ, ടി. മാധവൻ, ഷിജിൽ മുക്കാല, എം.ടി. ഉബൈദ്, സുലൈഖ റസാഖ്, സംഗീത രാജൻ, എം. ഷാഫി, നസീർ മാസ്റ്റർ, അബ്ദുൽ വഹാബ് ഉള്ളത്തേൽ, സത്താർ അമ്പാരത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

