കുടിവെള്ളം മുട്ടി ഇരുമ്പുഴിക്കാർ; കണ്ണുതുറക്കാതെ വാട്ടർ അതോറിറ്റി
text_fieldsമഞ്ചേരി-മലപ്പുറം റോഡിൽ ഇരുമ്പുഴി പോസ്റ്റ് ഓഫിസിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടിയ ഭാഗം
മഞ്ചേരി: ഇരുമ്പുഴി മേഖലയിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകളായിട്ടും നടപടിയെടുക്കാതെ അധികൃതർ. മൂന്നാഴ്ച മുമ്പ് ഇരുമ്പുഴി പോസ്റ്റ് ഓഫിസിന് സമീപം പ്രധാന വിതരണ പൈപ്പ് പൊട്ടിയതോടെയാണ് ദുരിതം തുടങ്ങിയത്. ദിവസങ്ങളോളം വെള്ളം റോഡിലൂടെ പരന്നൊഴുകി. ഇതോടെ അധികൃതർ വിതരണം നിർത്തിവെച്ചു. തുടർന്ന് മഞ്ചേരി-മലപ്പുറം റോഡിനടിയിലൂടെ പോകുന്ന പൈപ്പ് മാറ്റാനുള്ള പ്രവൃത്തി തുടങ്ങി. ദിവസങ്ങളെടുത്താണ് പൈപ്പ് മാറ്റിയത്. വിതരണം പുനരാരംഭിച്ചെങ്കിലും പൈപ്പ് വീണ്ടും പൊട്ടി വെള്ളം പാഴാകാൻ തുടങ്ങി. ഇതോടെ വിതരണം വീണ്ടും നിർത്തി. പിന്നീട് പൈപ്പ് നന്നാക്കാനോ കുടിവെള്ള വിതരണം പുനരാരംഭിക്കാനോ അധികൃതർ തുനിഞ്ഞിട്ടില്ല.
കടുത്ത വേനലായതോടെ കുടിവെള്ളമില്ലാതെ നൂറുകണക്കിന് കുടുംബങ്ങൾ വലയുകയാണ്. പലരും കുളിക്കാനും അലക്കാനുമെല്ലാം ബന്ധുവീടുകളെയാണ് ആശ്രയിക്കുന്നത്. പൈപ്പ് നന്നാക്കാൻ വേണ്ടി സംസ്ഥാന പാതയുടെ പകുതി ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. ഒരുഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങൾ പോകുന്നത്. കൂടാതെ വടക്കുംമുറി ഭാഗത്തേക്കുള്ള ജങ്ഷൻ കൂടിയാണ് ഇവിടം. ഇതിനാൽ പലപ്പോഴും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പൈപ്പ് നന്നാക്കി കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

