പ്രചാരണത്തിൽ ‘നോ ഡീൽ’; ഇനി സ്റ്റാർ കാമ്പയിൻ ദിനങ്ങൾ
text_fieldsമലപ്പുറം: ഡീൽ-അഡ്ജസ്റ്റ്മെന്റ് ആരോപണ-പ്രത്യാരോപണങ്ങളുമായി കത്തിക്കയറുമ്പോഴും പ്രചാരണത്തിൽ ഒരു അഡ്ജസ്റ്റ്മെന്റിനും മുന്നണികൾ തയാറല്ല. ദേശീയ-സംസ്ഥാന നേതാക്കളെ ജില്ലയിലെത്തിച്ച് പ്രവർത്തകരെയും അണികളെയും ആവേശത്തിലാക്കാനുള്ള ഒരുക്കത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. പ്രചാരണ കൺവെൻഷനുകളിൽ വി.വി.ഐ.പികൾ ഉൾപ്പെടെ നേതാക്കൾ എത്തുമ്പോൾ വലിയ ജനക്കൂട്ടം ഒഴുകിയെത്തുമെന്നും കണക്കുകൂട്ടുന്നു. അതോടൊപ്പം ശക്തിപ്രകടനത്തിനുള്ള അവസരമായും പാർട്ടികൾ കൺവെൻഷനുകളെ കാണുന്നു.
സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്റ്റാർ കാമ്പയിനറായ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ജില്ലയിലെത്തും. നാലു മണ്ഡലങ്ങളിലെ എൽ.ഡി.എഫ് റാലികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് തിരൂരിലും വൈകീട്ട് മൂന്നിന് പൊന്നാനിയിലും നാലിന് തവനൂരിലും ആറിന് പെരിന്തൽമണ്ണയിലും അദ്ദേഹം പ്രചാരണ റാലികൾ ഉദ്ഘാടനം ചെയ്യും. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ മറിയം ധവ്ള, എ. വിജയരാഘവൻ, മുതിർന്ന നേതാവ് വൃന്ദ കാരാട്ട് എന്നിവർ അടുത്ത ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുസ്ലിം ലീഗിന്റെ ദേശീയ-സംസ്ഥാന-ജില്ല നേതാക്കൾ പ്രചാരണത്തിൽ സജീവമാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ ദേശീയ-സംസ്ഥാന നേതാക്കൾ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണരംഗം കൊഴുപ്പിക്കാൻ അടുത്ത ദിവസങ്ങളിലായി എത്തും. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ശക്തമായ മത്സരം നടക്കുന്ന തവനൂർ, പൊന്നാനി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധി എം.പിയോ എത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വരുന്നതിനാൽ എൻ.ഡി.എയുടെ പ്രധാന നേതാക്കൾ ഞായറാഴ്ച അങ്ങോട്ട് തിരിക്കും. ആദ്യഘട്ട പ്രചാരണത്തിൽ പ്രധാന നേതാക്കൾ എത്തുന്നില്ലെങ്കിലും അവസാന ഘട്ടത്തിൽ സംസ്ഥാന തലത്തിലുള്ള എൻ.ഡി.എ നേതാക്കൾ ജില്ലയിലെത്തും. എസ്.ഡി.പി.ഐ, ആം ആദ്മി പാർട്ടികളുടെ നേതൃത്വങ്ങളും സ്ഥാനാർഥികളും അവസാന ഘട്ടത്തിൽ ദേശീയ-സംസ്ഥാന നേതാക്കൾ എത്തുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

