ആവശ്യത്തിന് രക്തമില്ല; പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ പ്രതിസന്ധി
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് രക്തമില്ലാത്തതിനാൽ പ്രതിസന്ധിയിൽ. സാധാരണ ഗതിയിൽ നടക്കുന്ന രക്തദാന ക്യാമ്പുകൾ കുറഞ്ഞതാണ് കാരണം. ആവശ്യമുള്ള രക്തഘടകങ്ങളില്ലാത്ത സ്ഥിതി വരാറില്ല. എന്നാൽ, വേനലവധിയും നോമ്പും പരീക്ഷാക്കാലവും തെരഞ്ഞെടുപ്പുകാലവും എല്ലാം തുടരെ ഒന്നിച്ചുവന്നതിനാൽ വേണ്ടത്ര ക്യാമ്പുകൾ നടക്കാതെ പോയി. പ്രതിമാസം 25 മുതൽ 31 വരെ ക്യാമ്പുകൾ നടക്കാറുണ്ട്. സ്കൂളകളിലും കോളജുകളിലും പരീക്ഷ സീസണിൽ ക്യാമ്പുകൾ നടന്നില്ല.
പ്രതിമാസം 1500 യൂനിറ്റ് രക്തം വേണം. 2500 യൂനിറ്റ് വരെ സ്റ്റോർ ചെയ്യാനുള്ള സൗകര്യമുണ്ട്. മിനിമം രക്തം 42 ദിവസമാണ് സൂക്ഷിക്കുക. ഘടകങ്ങളാക്കിയവ പല രൂപത്തിലാണ് സൂക്ഷിക്കുക. അതിനും മികച്ച സൗകര്യമുണ്ട്. രക്തം ഘടകങ്ങളാക്കിയ പി.ആർ.ജി.സിയും പ്ലേറ്റ്ലറ്റുമാണ് കൂടുതൽ ആവശ്യം വരിക. പെരിന്തൽമണ്ണയിൽ ഐ.എം.എയും ജില്ല ആശുപത്രിയും ചേർന്നാണ് രക്തബാങ്ക് നടത്തുന്നത്. കൂടുതൽ ക്യാമ്പുകൾ നടക്കേണ്ട സമയമാണ് ഇത്. ബ്ലഡ് ബാങ്കിൽ രണ്ടു ക്യാമ്പുകൾ ഒരു ദിവസം നടത്താനുള്ള സൗകര്യമുണ്ട്. വിവിധ യുവജന സംഘടനകളാണ് ക്യാമ്പുകൾ നടത്തുക. പെരിന്തൽമണ്ണയിൽ പത്തോളം സ്വകാര്യ ആശുപത്രികൾ കാര്യമായി ഈ ബ്ലഡ് ബാങ്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. മഴ തുടങ്ങിയാൽ മുൻ വർഷങ്ങളെ പോലെ പകർച്ച രോഗങ്ങൾ അധികാരിച്ചാൽ രക്ത യൂനിറ്റുകൾ അധികം വേണ്ടി വരും. സംസ്ഥാനത്തുതന്നെ മികവ് പുലർത്തുന്ന ബ്ലഡ്ബാങ്ക് എന്ന നിലയിൽ പലതവണ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

