നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
text_fieldsനിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ഞിപ്പുരയിൽ സർവേ നടത്തുന്നു
വളാഞ്ചേരി: നിപ പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭയിലെ രണ്ടാം വാർഡിൽ ശക്തമാക്കി. നിപ റിപ്പോർട്ട് ചെയ്ത വീടിന് പരിസരത്ത് കഴിഞ്ഞദിവസം ഒരു പൂച്ചക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. നേരത്തെ മറ്റൊരു പൂച്ചയും ചത്തിരുന്നു. ഭക്ഷണം ലഭിക്കാത്തതാണോ മറ്റു വല്ല കാരണമാണോ പൂച്ചകൾ ചത്തതെന്ന് കണ്ടുപിടിക്കുവാൻ പരിശോധനക്കായി അയച്ചിട്ടുണ്ട്. പൂച്ച ചത്തതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
രണ്ടാം വാർഡിലെ 450 ഓളം വീടുകളിൽ ഇരുനൂറോളം വീട്ടിൽ ശനിയാഴ്ച ആശാവർക്കർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. ശേഷിക്കുന്ന വീടുകളിൽ ഞായറാഴ്ച ബോധവത്കരണവും സർവേയും നടത്തുമെന്ന് വാർഡ് കൗൺസിലർ വീരാൻകുട്ടി പറശ്ശേരി പറഞ്ഞു.
വളാഞ്ചേരി: നഗരസഭയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നു മുതൽ നാല് വരെയും 33 വാർഡിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനും ഗൃഹകേന്ദ്രീകൃത ബോധവത്കരണം ശക്തിപ്പെടുത്താനുമാണ് സർവേയുൾപ്പെടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 160 ആരോഗ്യ പ്രവർത്തകർ 40 സംഘങ്ങളായി തിരിഞ്ഞ് 1754 വീടുകൾ സന്ദർശിച്ചു.
81 പനിബാധിതരെയാണ് കണ്ടെത്തിയത്. നിരോധിത മേഖലയിൽ പാലിക്കേണ്ട പൊതുജനാരോഗ്യ മര്യാദകളെ കുറിച്ചും മറ്റു നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും മൈക്ക് പ്രചാരണവും നടത്തി. പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. ടി.എസ്. അനീഷ്, മഞ്ചേരി കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രിയ, ജില്ല സർവൈലൻസ് ഓഫിസർ ഡോ സി. സുബിൻ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. എൻ.എൻ. പമീലി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ സി.കെ. സുരേഷ് കുമാർ, വി.വി. ദിനേശ്, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ കെ.പി. സാദിഖ് അലി, ഡോ. പി. ഫാത്തിമ, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി. ജോർജ് എന്നിവർ നേതൃത്വം നൽകി.
കഞ്ഞിപ്പുര: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ഞിപ്പുരയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വിദ്യാഭ്യാസ, കല, കായിക സ്ഥിര സമിതി അധ്യക്ഷ മുജീബ് വാലാസി നേതൃത്വം നൽകി. ആശവർക്കർമാരായ ഗിരിജ, ഉമ, പ്രീതി, സജ്ന, ലീല, പ്രേമ, നഴ്സുമാരായ സോണിയ, വിജിത, വിജിഷ, ജെ.പി.എച്ച്.എൻ സുനിത, ജെ.എച്ച്.ഐ നീന, ബിൽബി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വീടുകളിൽ പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

