കാട്ടാന പേടി; ഉൾക്കാടിറങ്ങുന്ന ആദിവാസികൾക്ക് രാവുറങ്ങാൻ വനം വകുപ്പ് ഇടം
text_fieldsനിലമ്പൂർ: കരുളായി ഉൾവനത്തിൽ അധിവസിക്കുന്ന ആദിവാസികൾ കാടിറങ്ങുമ്പോൾ രാത്രി മടക്കം ഒഴിവാക്കുന്നതിന് വനം വകുപ്പ് സൗകര്യം ഒരുക്കുന്നു. ഉൾവനത്തിലെ കാട്ടാന ഉൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണം ഒഴിവാക്കാനാണ് കരുതൽ നടപടി സ്വീകരിക്കുന്നത്. കരുളായി റേഞ്ചിൽ നെടുങ്കയത്തെ വനം വകുപ്പിന്റെ ക്വാർട്ടേഴ്സുകളിൽ കുടുംബങ്ങൾ അടക്കമുള്ളവരുടെ രാത്രി വിശ്രമം സാധ്യമാക്കുകയാണ് ലക്ഷ്യം. നിലമ്പൂർ സൗത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ധനിക് ലാലിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പദ്ധതി ഒരുക്കുന്നത്. നെടുങ്കയത്ത് വനം വകുപ്പിന്റെ കെട്ടിടങ്ങൾ ഇതിനായി ഉപയോഗിക്കും. മാഞ്ചീരിയിലെ ചോലനായ്ക്ക യുവാവ് മണി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി.
ഏഷ്യയിലെ തന്നെ ഏക ഗുഹാവാസി വിഭാഗമായി അറിയപ്പെടുന്ന കരുളായി ഉൾവനത്തിലെ ഗോത്രവിഭാഗമായ ചോലനായ്ക്കരെ നാട്ടിലേക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതി ഫലപ്രദമായിരുന്നില്ല.
കരുളായി വനത്തിലെ മാഞ്ചീരി, അച്ചനള, നാഗമല, പൂച്ചപാറ തുടങ്ങിയ വനാന്തരങ്ങളിലെ 13 ഇടങ്ങളിലായി ഗുഹകളിലും പാറ അളങ്ങളിലുമാണ് ഇവരുടെ വാസം. ഇവർ കാടിറങ്ങാൻ കൂട്ടാക്കാത്തതിനാൽ മാഞ്ചീരിയിൽ ഇവർക്ക് നിർമിച്ച് നൽകിയ വീടുകൾ ഒഴിഞ്ഞു കിടക്കുകയാണ്. 1982 ലാണ് 14 വീടുകൾ നിർമിച്ച് ഇവർക്ക് വനത്തിനകത്ത് തന്നെ താമസമൊരുക്കിയത്. രണ്ടാഴ്ചക്കകം വിരലിലെണ്ണാവുന്ന കുടുംബങ്ങളൊഴികെ മറ്റെല്ലാവരും ഉൾവനത്തിലെ ഗുഹകളിലേക്ക് തന്നെ മടങ്ങി.
കുടുംബങ്ങളെ അപ്പാടെ നാടിറക്കുക സാധ്യമാവില്ല. ഈ സാഹചര്യത്തിൽ കാട്ടിൽ ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക മാത്രമാണ് പോംവഴി. വീട്ടുസാധനങ്ങളും മറ്റും വാങ്ങാൻ അപൂർവമായാണ് ഇവരുടെ കാടിറക്കം. രാത്രികളിൽ നെടുങ്കയത്ത് എത്തുന്നവരെ വനം ക്വാർട്ടേഴ്സുകളിൽ താമസിപ്പിച്ച് അടുത്ത ദിവസം പകൽ വാസസ്ഥലത്തേക്ക് പറഞ്ഞുവിടുന്ന പദ്ധതിയാണ് വനം വകുപ്പ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.