എടക്കര: ബുധനാഴ്ച തമിഴ്നാട് ചോലാടി വനത്തിലേക്ക് കയറിയ കൊലയാളി കൊമ്പന് വീണ്ടും കുമ്പളപ്പാറ കോളനിയിലെത്തിയതായി വിവരം. ദേവന് എന്ന ആദിവാസിയുടെ താല്‍ക്കാലിക വീട്ടില്‍ സൂക്ഷിച്ചിരുന്ന അരി ഭക്ഷിച്ച് മടങ്ങി. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കോളനിയില്‍ ബുധനാഴ്ച മൂന്ന് കുടുംബങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ വനവിഭവ ശേഖരണത്തിനും മീന്‍പിടിക്കാനുമായി കാടുകയറിയിട്ട് ദിവസങ്ങളായി.
ദേവനും വനത്തിനുള്ളിലാണുള്ളത്. സമീപത്തുള്ള മറ്റ് കുടുംബങ്ങളാണ് കൊമ്പെൻറ സാന്നിധ്യം തിരിച്ചറിഞ്ഞത്. കോളനിക്ക് മുകള്‍ ഭാഗത്ത് ചോലാടി വനത്തിന് സമീപം വരക്കംതോട് ഭാഗത്താണ് കൊമ്പനിപ്പോള്‍ ഉള്ളതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. മനുഷ്യ ശബ്ദം കേട്ടാല്‍ പിന്നാലെ കൂടുന്ന സ്വഭാവമാണ് കൊമ്പനുള്ളത്. സാധാരണ കാട്ടാനകള്‍ മുപ്പത്-നാല്‍പ്പത് മീറ്റര്‍ ദൂരംവരെ മാത്രമേ മനുഷ്യരെ ആക്രമിക്കാനായി പിന്തുടരുകയുള്ളൂ.
എന്നാല്‍, ശങ്കര്‍ എന്ന് വിളിക്കുന്ന കൊലയാളി കൊമ്പന് നൂറ് മീറ്ററിലധികം ആളുകളെ പിന്തുടരുന്നതായാണ് വനം ജീവനക്കാര്‍ പറയുന്നത്. കേരള വനത്തില്‍ കൊമ്പനെ മയക്കുവെടി വെക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മുതുമല ആനവളര്‍ത്ത് കേന്ദ്രത്തിലെ വെറ്ററിനറി സര്ജന് ഡോ. രാജേഷ് കുമാര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. തങ്ങളുടെ വനമേഖലയില്‍ എത്തിയാല്‍ കൊമ്പനെ മയക്കുവെടി െവക്കാനുള്ള എല്ലാവിധ സന്നാഹങ്ങളുമായി തമിഴ്നാട് വനം അധികൃതര്‍ ചോലാടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.