വീടുകളിൽ പരിശോധന അനർഹമായ റേഷൻ കാർഡുകൾ പിടിച്ചെടുത്തു
text_fieldsനിലമ്പൂർ: താലൂക്ക് സപ്ലൈ ഓഫിസറും സംഘവും വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വെച്ച റേഷൻ കാർഡുകൾ പിടിച്ചെടുത്തു. വഴിക്കടവ് പഞ്ചായത്തിലെ ആനമറി, പുന്നക്കൽ, വെള്ളക്കട്ട, മരുത പ്രദേശങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. അനർഹമായി കൈവശം വച്ചിരുന്ന സബ്സിഡി, മുൻഗണന കാർഡുകളാണ് പിടിച്ചെടുത്തത്. 89 വീടുകളിൽ പരിശോധന നടത്തിയതിൽ ഒരു അന്ത്യോദയ കാർഡും 7 മുൻഗണന കാർഡുകളും 25 സബ്സിഡി കാർഡുകളും അനർഹമായി കൈവശം വെച്ചതായി കണ്ടെത്തുകയും ഇവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഒരു മുൻഗണന കാർഡും ഒരു സബ്സിഡി കാർഡും അവകാശികളില്ലാത്തതിനാൽ റദ്ദാക്കുകയും ചെയ്തു.
അനധികൃതമായി മുൻഗണന, സബ്സിഡി കാർഡുകൾ കൈവശം വെച്ചവരിൽ നിന്ന് പിഴ ഈടാക്കും. താലൂക്ക് സപ്ലൈ ഓഫിസർ മധു ഭാസ്കരൻ, റേഷനിങ് ഇൻസ്പെക്ടർമാരായ അനീഷ്, ശ്രീജു, രതി, ഉദ്യോഗസ്ഥരായ സതീഷ്കുമാർ, സത്യഭാമ, രഞ്ജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പരിശോധന തുടരും.

