നിലമ്പൂർ ജില്ല ആശുപത്രിയിൽ അത്യാധുനിക ജെറിയാട്രിക് വാർഡ് സജ്ജം
text_fieldsനിലമ്പൂർ ജില്ല ആശുപത്രിയിൽ സജ്ജമായ ജെറിയാട്രിക് വാർഡ്
നിലമ്പൂർ: ജില്ല ആശുപത്രിയിൽ വയോജനങ്ങൾക്കുള്ള അത്യാധുനിക രീതിയിലുള്ള ജെറിയാട്രിക് വാർഡ് സജ്ജം. 15ാം ധനകാര്യ കമീഷൻ ഹെൽത്ത് ഗ്രാൻഡിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ വകുപ്പ് വഴി നിലമ്പൂർ നഗരസഭക്ക് അനുവദിച്ച 1.2 കോടി രൂപ ചെലവഴിച്ചാണ് സമഗ്ര വയോജന പരിചരണ യൂനിറ്റ് സ്ഥാപിച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം 10 കിടക്കകളോടു കൂടിയ യൂനിറ്റാണിത്.
പ്രായമായവർക്ക് സൗഹൃദപരമായ ആരോഗ്യപരിരക്ഷ സൗകര്യം ഒരുക്കാനാണ് പ്രത്യേക വാർഡുകൾ. രണ്ട് വാർഡിലും ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ ഫോൾഡബിൾ ഗ്രാബ് ബാറുകൾ, ഷവർ സീറ്റുകൾ, കോർഡ് അലാറങ്ങൾ, ഉയർന്ന ടോയ് ലറ്റ് സീറ്റുകൾ എന്നിവയോടുകൂടിയ പുതിയ ബ്ലോക്കും നിർമിച്ചിട്ടുണ്ട്. ജെറിയാട്രിക് വാർഡായി മാറ്റിയ സ്ഥലത്ത് ആന്റി സ്ലിപ്പറി ടൈലുകൾ, സീലിങ് ബോർഡുകൾ, പെയിന്റിങ്, ചുവരുകളുടെ അലങ്കാര സ്റ്റിക്കറുകൾ എന്നിവ ചെയ്ത് മനോഹരമാക്കി.
എസ്.എസ് ഹാൻഡ് റെയിലുകൾ, മെഡിക്കൽ ഗ്രേഡ് കർട്ടനുകൾ, 10 കിടക്കകളിൽ രണ്ടുവീതം പവർ സോക്കറ്റുകൾ, വാക്വം ബോട്ടിൽ, ഫ്ലോമീറ്റർസ് എന്നിവയോടു കൂടിയ ഗ്യാസ് ഔട്ട് ലറ്റുകൾ എന്നിവയും ലഭ്യമാണ്. ഓരോ നിലയിലും രണ്ട് കാസറ്റ് എയർകണ്ടീഷനറുകൾ, യു.പി.എസ് ബാക്കപ്പുള്ള ലൈറ്റിങ്, പ്രധാന സ്ഥലങ്ങളിൽ സി.സി ടി.വി കാമറകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
രണ്ട് ഐ.സി.യു കോട്ട്, 20 ഓവർ ബെഡ് ടേബിൾ, 18 നോർമൽ കോട്ട്, രണ്ട് മൾട്ടിപ്പാരാ മോണിറ്റർ വിത്ത് സ്റ്റാൻഡ്, ഒന്നുവീതം മൾട്ടി പാരാ മോണിറ്റർ, ഡിഫിബ്രില്ലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 51 സൈഡ് റൈലിങ്, 40 ബെഡ് സൈഡ് ലോക്കർ, രണ്ട് വീൽ ചെയർ, മൂന്ന് വാക്കർ ഫോൽഡിങ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും യൂനിറ്റിലുണ്ട്. തിങ്കളാഴ്ച രാവിലെ 11ന് മന്ത്രി വി. അബ്ദുറഹ്മാൻ യൂനിറ്റ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

