നിലമ്പൂർ ജില്ല ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ചു
text_fieldsനിലമ്പൂർ: ജില്ല ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി തുടങ്ങി. ഡോക്ടർമാരുടെ ഒഴിവ് പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക നടപടിയായി. കൺസൽട്ടന്റുമാരുടെ ഒഴിവുകളിലേക്ക് അഞ്ച് അഡ്ഹോക് ഡോക്ടർമാരെ നിയമിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് നിലമ്പൂരിലേക്ക് ഒരു ഹൗസ് സർജനെയും നിയമിച്ചു. ലാബ്, എക്സറെ, ഫാർമസി എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറാക്കി. മൂന്നര വർഷമായി അടച്ചിട്ട പേ വാർഡ് തിങ്കളാഴ്ച തുറന്നു. നെഞ്ചുരോഗ വിഭാഗത്തിൽ കൺസൽട്ടന്റ് തസ്തിക നേരത്തെ ഒഴിവാണ്. ഈ ഒഴിവുകളിലേക്കാണ് അഞ്ച് ബിരുദധാരികളെ നിയമിച്ചത്. ഇവരിൽ രണ്ടുപേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ഇവിടെ അസ്ഥിരോഗം, ശസ്ത്രകിയ എന്നിവയിലെ വിദഗ്ധർ സേവനത്തിലുണ്ട്. അസ്ഥിരോഗ വിദഗ്ധനെ ഓർത്തോ വിഭാഗത്തിൽ നിയോഗിച്ചു. ശസ്ത്രക്രിയ വിദഗ്ധയെ ഉപയോഗപ്പെടുത്തി സർജറി ഒ.പി തുടങ്ങുമെന്ന് സൂപ്രണ്ട് ഇൻചാർജ് ഡോ.പി. ഷിനാസ് ബാബു പറഞ്ഞു. അനസ്തീസിയ വിഭാഗത്തിൽ കാൾ ഡ്യൂട്ടി വ്യവസ്ഥയിൽ സ്വകാര്യ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പടുത്തും. കണ്ണ്, ഇ.എൻ.ടി വിഭാഗങ്ങളിൽ പി.ജിക്ക് പഠിക്കുന്ന ഡോക്ടർമാർ ആറ് മാസമായി സേവനത്തിലുണ്ട്. ജില്ല പഞ്ചായത്ത് രണ്ട് കോടി ചെലവഴിച്ച് ആധുനിക മോഡുലർ ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കൽ തുടങ്ങി. രണ്ട് താൽക്കാലിക തിയറ്ററുകൾ ഒരുക്കി ചെറിയ ശസ്ത്രക്രിയകൾ ആരംഭിച്ചു.
പോസ്റ്റ്മോർട്ടം ചുമതലയിൽനിന്ന് ഡ്യൂട്ടി മെഡിക്കൽ ഓഫിസറെ ഒഴിവാക്കി ഡോക്ടർമാരുടെ പാനൽ തയാറാക്കി ചുമതല നൽകും. നിർമാണം മുടങ്ങിയ മാതൃശിശു ബ്ലോക്ക് ബഹുനില കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിക്കാൻ ടെൻഡർ പരിശോധന 10 ന് നടത്തും. ഈ മാസം തന്നെ പ്രവൃത്തി ആരംഭിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. കാർഡിയാക് ഐ.സി.യു പ്രവർത്തനം തുടങ്ങി. ആറ് ബെഡുകളോട് കൂടിയ വെന്റിലേറ്റർ ഉൾപ്പടെ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 18 റൂമുകളാണ് പേ വാർഡിൽ രോഗികൾക്കായി നീക്കിവെച്ചിട്ടുള്ളത്.