വഴിക്കടവിൽനിന്ന് 35 പവൻ മോഷ്ടിച്ച പ്രതി പിടിയിൽ; പിടിയിലായത് 60ഓളം മോഷണക്കേസിലെ പ്രതി
text_fieldsഅക്ബർ
നിലമ്പൂർ: വീട് കുത്തിപ്പൊളിച്ച് 35 പവൻ മോഷ്ടിച്ച കേസിലെ പ്രതി വഴിക്കടവ് പൊലീസിന്റെ പിടിയിൽ. അറുപതോളം മോഷണക്കേസിലെ പ്രതി വഴിക്കടവ് പൂവ്വത്തിപ്പൊയിൽ വാക്കയിൽ അക്ബറാണ് (55) പിടിയിലായത്. 2024 ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വഴിക്കടവ് പഞ്ചായത്തങ്ങാടിയിലെ ‘പ്രസാദം’ വാപ്പത്ത് വീട്ടിലെ ശിവപ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. ആളില്ലാത്ത സമയത്ത് വീടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.
വീടിന് സമീപം അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സി.സി.ടി.വിയും മറ്റും പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കരുവാരകുണ്ട് ചെറുമലയിലെ പുന്നക്കാട് ഷംസുദ്ദീൻ എന്ന ഷറഫുദ്ദീൻ (44) പിടിയിലായിരുന്നു. ജയിലിൽ വെച്ച് പരിചയപ്പെട്ടിരുന്ന ഷംസുദ്ദീന്റെ സഹായത്തോടെ പത്ത് പവൻ സ്വർണം തിരൂരിലെ സ്വർണക്കടയിൽ അക്ബർ വിൽപന നടത്തി. ഈ പണവും ബാക്കി സ്വർണവുമായി അക്ബർ കേരളം വിടുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ മാറി താമസിച്ച ഇയാൾ നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അട്ടപ്പാടിയിൽനിന്ന് പിടിയിലായത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നിർദേശത്തിൽ വഴിക്കടവ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയ ദാസിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
വഴിക്കടവ് സബ് ഇൻസ്പെക്ടർ അബ്ദുൽ ഹാഫിസ് ഫിർഷാദ്, സി.പി.ഒമാരായ നിജേഷ്, അലക്സ് കൈപ്പിനി, വിനീഷ് മാന്തൊടി, ഫിറോസ് എന്നിവരാണ് പ്രതിയെ പാലക്കാട് നിന്നും പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

