മലയോരത്ത് പെരുമഴ; വ്യാപക നാശം
text_fieldsആഢ്യൻപാറ റോഡിലേക്ക് വീണ മരം
നിലമ്പൂർ: മലയോരത്ത് നാശം വിതച്ച് കനത്ത മഴ. ശനിയാഴ്ച രാവിലെ 7.30 മുതലുള്ള 48 മണിക്കൂറിനുള്ളിൽ നിലമ്പൂരിൽ 200 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മലപ്പുറം റെയിൻ ട്രാക്കേഴ്സിന്റെ മാപിനിയിൽ രേഖപ്പെടുത്തിയ കണക്കാണിത്. പുഴകളിൽ ജലവിതാനം ഉയർന്നു. മരങ്ങൾ വീണ് വീടുകൾ ഭാഗികമായി തകർന്നു. നാടുകാണി ചുരം ഉൾപ്പടെയുള്ള റോഡുകളിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു.
നാടുകാണി ചുരത്തിൽ തേൻപാറക്ക് സമീപം ഉച്ചക്ക് 2.30 ഓടെ മുളങ്കൂട്ടം വീണ് ഒന്നര മണിക്കൂർ ഗതാഗതം മുടങ്ങി. നിലമ്പൂർ ഫയർഫോഴ്സും വഴിക്കടവ് പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ വൈകുന്നേരം നാലോടെ ഗതാഗതം പുനസ്ഥാപിച്ചു.
ആഢ്യൻപാറ റോഡിൽ കൂറ്റൻ മരം വീണ് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ പത്തരയോടെ വീണ മരം നാട്ടുകാർ ചേർന്ന് ഉച്ചക്ക് ഒന്നരയോടെയാണ് നീക്കം ചെയ്തത്. മമ്പാട് ബീമ്പുങ്ങലിൽ കെ.എൻ.ജി റോഡിലേക്ക് മരം വീണ് അന്തർസംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എമർജൻസി റെസ്ക്യൂ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തടസ്സം നീക്കിയത്. സമീപത്തെ മതിൽ ഇടിഞ്ഞുവീണ് മമ്പാട് പള്ളിക്കുന്നിലെ എരഞ്ഞിക്കൽ സിദ്ധീഖിന്റെ വീട് ഭാഗികമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

