നാടുകാണി ചുരത്തിൽ ചരക്ക് ലോറിക്ക് തീപിടിച്ചു
text_fieldsനിലമ്പൂർ: സിമൻറു ലോഡുമായി വന്ന ലോറി നാടുകാണി ചുരം പാതയിൽ കത്തി നശിച്ചു. വെള്ളിയാഴ്ച പുലർച്ച 2.30നാണ് സംഭവം. കർണാടക ബെല്ലാരിയിൽ നിന്നു കൊണ്ടോട്ടിയിലേക്ക് വരുന്ന സിമൻറ് ലോറിക്കാണ് തീ പിടിച്ചത്.
ഡ്രൈവർ പാലക്കാട് സ്വദേശി ജയൻ ഇറങ്ങി രക്ഷപ്പെട്ടു. ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ എത്തി ജയൻ നൽകിയ വിവരത്തെ തുടർന്ന് നിലമ്പൂർ ഫയർ ഫോഴ്സിെൻറ മൂന്ന് യൂനിറ്റ് എത്തിയാണ് മൂന്നരയോടെ തീ അണച്ചത്. ഇതിനകം വാഹനവും സിമൻറും പൂർണമായും അഗ്നിക്കിരയായി.
വഴിക്കടവ് ആനമറി ഒന്നാം വളവിന് സമീപമാണ് അപകടം. ഒരു വർഷത്തിനിടെ ചുരം പാതയിൽ വാഹനം കത്തിയമരുന്നത് ഇത് മൂന്നാം തവണയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് പഞ്ചസാര ലോഡുമായി വന്ന ലോറിയും ടൈൽസു കയറ്റി വന്ന വാഹനവും സമാന രീതിയിൽ തീപിടിച്ചു കത്തി നശിച്ചിരുന്നു.

