ആന പോയ വഴിയിൽ സഞ്ചരിച്ച എക്സൈസ് സംഘം എത്തിയത് വാഷ് കേന്ദ്രത്തിൽ
text_fieldsനിലമ്പൂർ: വനത്തിൽ കലക്കി സൂക്ഷിച്ച 665 ലിറ്റർ വാഷ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ചാലിയാർ ആഢ്യൻപാറ ചെമ്പംകൊല്ലി കോളനിക്ക് താഴെ പെരുമ്പത്തൂർ വനമേഖലയിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ കാനക്കുത്ത് വനമേഖലയിൽ നടത്തിയ പരിശോധനയിൽ അലൂമിനിയം കലത്തിൽ സൂക്ഷിച്ച വ്യാജവാറ്റിന് പാകപ്പെടുത്തിയ 25 ലിറ്റർ വാഷ് കണ്ടെത്തിയിരുന്നു. പിന്നീട് ഉച്ചക്ക് ശേഷം ജനമൈത്രി എക്സൈസ് സ്ക്വാഡ് വെങ്ങാട് ഗോത്രവർഗ കോളനിയിൽ നടത്തിയ ഊര് സന്ദർശനത്തിൽ, തലേദിവസം നാട്ടിലിറങ്ങിയ ആന നേരം വെളുത്തിട്ടും കാട് കയറാതെ മത്ത് പിടിച്ച് നടക്കുന്നത് കണ്ടു. ആന വിട്ടൊഴിയാത്തത് വാഷ് കുടിച്ചിട്ടാകാമെന്നും അടുത്ത സ്ഥലത്തെവിടെയെങ്കിലും വാഷ് കേന്ദ്രം ഉണ്ടാകാമെന്നും കോളനി നിവാസികൾ അറിയിച്ചു.
ഇതോടെ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനക്ക് കുന്ന് കയറി. ആനയുടെ കാൽപാട് നോക്കി മലകയറിയെത്തിയ ഉദ്യോഗസ്ഥ സംഘം കണ്ടത് വാറ്റ് കേന്ദ്രത്തിലായിരുന്നു.
കന്നാസുകളിലും കുഴികുത്തി പ്ലാസ്റ്റിക് വിരിച്ചുമാണ് വാഷ് കലക്കി സൂക്ഷിച്ചിരുന്നത്. വനത്തോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. 640 ലിറ്ററോളം ഇവിടെനിന്ന് പിടിച്ചെടുത്തു. കുഴികുത്തി സൂക്ഷിച്ച വാഷാണ് ആന കുടിച്ചതെന്ന് കരുതുന്നു. വാറ്റ് കേന്ദ്രങ്ങളിൽ ആരും ഉണ്ടായിരുന്നില്ല.
കേസിൽ തുടരന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷ് പറഞ്ഞു. രണ്ട് കേസുകളിലെയും തൊണ്ടിമുതലുകൾ നിലമ്പൂർ റേഞ്ച് ഓഫിസിൽ ഹാജറാക്കി. അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു പി. എബ്രഹാം, പ്രിവന്റിവ് ഓഫിസർമാരായ ആർ.പി. സുരേഷ് ബാബു, ബി. ഹരിദാസൻ, മുസ്തഫ ചോലയിൽ, സീനിയർ എക്സൈസ് ഓഫിസർമാരായ ടി.കെ. സതീഷ്, ജി. അഭിലാഷ്, യു. പ്രവീൺ, പി.സി. ജയൻ, എം. ജംഷീദ്, കെ. നിഥിൻ, ഡ്രൈവർ മഹമൂദ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.