ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റൽ ലഹരിക്കടത്തിന് വഴിയൊരുക്കും
text_fieldsവഴിക്കടവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം റോഡിൽ എക്സൈസ് ചെക്ക് പോസ്റ്റ് ഒരുക്കുന്നു
നിലമ്പൂർ: കേരള-തമിഴ്നാട് അതിർത്തിയായ വഴിക്കടവ് ആനമറിയിൽ പ്രവർത്തിക്കുന്ന എക്സൈസ് ചെക്ക് പോസ്റ്റ് താഴേക്ക് മാറ്റുന്നത് ലഹരിക്കടത്തിന് സൗകര‍്യമൊരുക്കുമെന്ന് ആശങ്ക. അന്തർ സംസ്ഥാന പാതക്കരികിൽ വഴിക്കടവ് ടൗണിന് അരക്കിലോമീറ്റർ മുകളിലായി പ്രവർത്തിക്കുന്ന ആർ.ടി.ഒ ചെക്ക്പോസ്റ്റിന് സമീപം കെ.എൻ.ജി റോഡിലേക്കാണ് എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റുന്നത്.
ഇവിടെ റോഡിൽ തന്നെയാണ് സൗകര‍്യം ഒരുക്കുന്നത്. എന്നാൽ, ചെക്ക് പോസ്റ്റ് താഴേക്ക് മാറ്റുന്നതോടെ, ചെക്ക് പോസ്റ്റ് എത്തുന്നതിന് മുമ്പുള്ള ആനമറി-പൂവ്വത്തിപ്പൊയിൽ മിനി ബൈപാസ് റോഡ് ലഹരി മാഫിയക്ക് ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോവുന്ന കെ.എൻ.ജി റോഡിലാണ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നത്. ഇവിടെ ഒരുവിധ സൗകര‍്യങ്ങളുമില്ല. ഇത് കൂടുതൽ ഗതാഗതക്കുരുക്കിനും ഇടയാക്കും.
ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്ന കണ്ടെയ്നർ കാലപ്പഴക്കം കാരണം ഉപയോഗശൂന‍്യമായിരിക്കുകയാണ്. 2006ൽ ആണ് കണ്ടെയ്നർ സംവിധാനം ആനമറിയിൽ ഒരുക്കിയത്. പത്ത് വർഷമായിട്ടും കണ്ടെയ്നറുടെ അറ്റകുറ്റപണി പോലും നടത്തിയിട്ടില്ല. ഇത് ഏറെ അപകടാവസ്ഥയിലുമാണ്. സുരക്ഷിതമല്ലാത്ത സ്ഥലത്താണ് കണ്ടെയ്നർ സ്ഥാപിച്ചിട്ടുള്ളതും. ഇൻസ്പെക്ടർ ഉൾപ്പടെ ആറു ജീവനക്കാരാണ് ഒരേ സമയം ചെക്ക് പോസ്റ്റിൽ ജോലി ചെയ്തുവരുന്നത്. ഇവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ചെക്ക്പോസ്റ്റ് താഴേക്ക് മാറ്റാൻ തീരുമാനിച്ചത്. നിലവിൽ കണ്ടെത്തിയ സ്ഥലവും ഒട്ടും സുരക്ഷിതവും സൗകര‍്യപ്രദവുമല്ല.
ചുരം ഇറങ്ങി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതോടെ ചെക്ക് പോസ്റ്റ് മറികടന്ന് പോവാൻ യഥേഷ്ടം ഊടുവഴികളുണ്ട് താനും. ലഹരി മാഫിയകൾക്ക് ഈ വഴികളിലൂടെ പരിശോധന കൂടാതെ കേരളത്തിലേക്ക് കടക്കാനുമാകും. ഒന്നുകിൽ ചെക്ക് പോസ്റ്റ് നാടുകാണി ചുരത്തിലേക്ക് മാറ്റുകയോ, അല്ലെങ്കിൽ ഇപ്പോൾ പ്രവൃത്തിക്കുന്ന സ്ഥലത്ത് തന്നെ പുതിയ കണ്ടെയ്നർ സ്ഥാപിച്ച് കൂടുതൽ സൗകര‍്യം ഒരുക്കുകയോ ചെയ്താൽ മാത്രമേ ചെക്ക് പോസ്റ്റ് പ്രവർത്തനം ഉപകാരപ്രദമാകുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

