നാട്ടിലേക്ക് ഓടിയെത്തിയ കുട്ടിക്കൊമ്പൻ കൗതുകമായി
text_fieldsവഴിക്കടവ് രണ്ടാം പാടത്ത് ഇറങ്ങിയ ആനക്കുട്ടി
നിലമ്പൂർ: കാട്ടിൽ നിന്നും നാട്ടിലേക്ക് ഓടിയെത്തിയ കുട്ടിക്കൊമ്പൻ കൗതുകമായി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് വഴിക്കടവ് നെല്ലിക്കുത്ത് വനത്തിൽ നിന്നും രണ്ടാം പാടത്ത് ജനവാസ കേന്ദ്രത്തിലേക്ക് ആനക്കുട്ടി ഓടിയെത്തിയത്. റബർ തോട്ടത്തിലൂടെ തലങ്ങും വിലങ്ങും ഓടി, പിന്നീട് നാട്ടുകാർക്കിടയിലേക്ക് ഓടിയെത്തി.
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് വഴിക്കടവ് ഡെപ്യൂട്ടി റേഞ്ചർ ജോൺസെൻറ നേതൃത്വത്തിലെത്തിയ വനപാലക സംഘം മൂന്ന് മാസത്തോളം പ്രായമുള്ള ആനക്കുട്ടിയെ വനാതിർത്തിയിൽ ഉണ്ടായിരുന്ന ആനക്കൂട്ടത്തോടൊപ്പം വിട്ടയച്ചു. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ പൂവ്വത്തിപൊയിൽ ഡീസൻറ് കുന്നിന് ചേർന്നുള്ള വനാതിർത്തിയിൽ തള്ളയാന തിരഞ്ഞു നടക്കുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.

