നാടുകാണി ചുരത്തിൽനിന്ന് ശേഖരിച്ചത് 500 കിലോ അജൈവ മാലിന്യം
text_fieldsഎക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നാടുകാണി ചുരത്തിൽ നടത്തിയ ശുചീകരണ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടൻ ഉദ്ഘാടനം ചെയ്യുന്നു
നിലമ്പൂർ: എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് നാടുകാണി ചുരം മേഖലയിൽനിന്ന് ശേഖരിച്ചത് 500 കിലോയോളം അജൈവ മാലിന്യങ്ങൾ. വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സ്ത്രീകൾ ഉൾപ്പടെ 50ലധികം ജീവനക്കാരാണ് ചുരം ശുചീകരണ പ്രവൃത്തിക്ക് എത്തിയത്. ചുരം റോഡിന്റെ ഇരുവശത്തും വനത്തോട് ചേർന്ന പ്രദേശത്ത് നിന്നുമാണ് ചാക്കുകണക്കിന് മാലിന്യം ശേഖരിച്ചത്. ഞായറാഴ്ച രാവിലെ തുടങ്ങിയ പ്രവൃത്തി വൈകുന്നേരം നാലുവരെ നീണ്ടു. ശേഖരിച്ച മാലിന്യം എക്കോ വേൾഡ് പ്ലാന്റിലേക്ക് കൊണ്ടുവന്ന് തരം തിരിച്ച് കൈമാറ്റം ചെയ്യും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് നിരവധി വർഷമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണ് എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ്. ശുചീകരണ പ്രവൃത്തി വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടൻ ഉദ്ഘാടനം ചെയ്തു. എക്കോ വേൾഡ് മാനേജിങ് ഡയറക്ടർ ഇബ്രാഹിം അമ്മംകുളങ്ങര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ വേലു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് എരഞ്ഞിയിൽ, മെംബർമാരായ മുഹമ്മദ് അലങ്ങാടൻ, ഫൗസിയ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി അനിൽ, ക്ലീൻ കേരള കമ്പനി ജില്ല മാനേജർ വരുൺ ശങ്കർ, പൊതുപ്രവർത്തകൻ ജാഫർ പുലിയോടൻ എന്നിവർ സംസാരിച്ചു. വാർഷികാഘോഷ പ്രവർത്തനങ്ങളുടെ ഭാഗമായി നിലമ്പൂർ റെയിൽവേ സ്റ്റേഷൻ മുതൽ പൂക്കോട്ടുപാടം വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശവും നിലമ്പൂർ ടൗൺ പ്രദേശത്ത് വരുന്ന ചാലിയാർ പുഴയുടെ ഭാഗങ്ങളും ശുചീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

