ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ നിലമ്പൂർ
text_fieldsനിലമ്പൂർ മണ്ഡലം
നിലമ്പൂർ: രക്തരൂക്ഷിതമായ ജന്മി -കുടിയാൻ പോരാട്ടങ്ങൾക്കും തോട്ടം തൊഴിലാളി സമരങ്ങൾക്കും സാക്ഷിയായ ഈ കിഴക്കനേറനാടൻ മണ്ഡലത്തിന് കേരള രാഷ്ട്രീയത്തിൽ പ്രാധാന്യമേറെയുണ്ട്. സംസ്ഥാനചരിത്രത്തിൽ ഒരു എം.എൽ.എ രാഷ്ട്രീയ എതിരാളികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് സാക്ഷ്യയാകേണ്ടിവന്ന മണ്ണുകൂടിയാണിത്. കോൺഗ്രസിനും സി.പി.എമ്മിനും ശക്തമായ വേരുകളുള്ള, ചാലിയാർ തീരത്തെ ഈ മണ്ഡലത്തിന് ഇടതുവലതു മുന്നണികളെ ചേർത്തുപിടിച്ച പാരമ്പര്യമുണ്ട്. 1965ല് മണ്ഡലം രൂപം കൊണ്ടതുമുതല് സംസ്ഥാന കോൺഗ്രസ് നേതൃനിരയിൽ അതികായനായിരുന്ന ആര്യാടന് മുഹമ്മദിന്റെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നു.
65ലും 67ലും നിലമ്പൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് പ്രമുഖ ട്രേഡ് യൂനിയൻ നേതാവ് ആയിരുന്ന സി.പി.എമ്മിലെ സഖാവ് കെ. കുഞ്ഞാലി. രണ്ടു തവണയും കുഞ്ഞാലിയോട് തോറ്റത് ആര്യാടൻ. 1969ൽ കുഞ്ഞാലി വെടിയേറ്റു മരിച്ചു. കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട കേസില് ഉള്പ്പെട്ടതോടെ ആര്യാടൻ മത്സര രംഗത്തുനിന്നും മാറി നിന്നു. ആര്യാടന്റെ അഭാവത്തിൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ എം.പി. ഗംഗാധരൻ വിജയിച്ചു. 1971ലെ പൊതു തെരഞ്ഞെടുപ്പിൽ എം.പി. ഗംഗാധരൻ വിജയം ആവർത്തിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ആര്യാടൻ മുഹമ്മദ് നിലമ്പൂരിൽനിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം നേതാവ് കെ. സൈതാലിക്കുട്ടിയെ ആണ് തോൽപ്പിച്ചത്. 1980ൽ എ.കെ. ആൻറണി നേതൃത്വം നൽകുന്ന കോൺഗ്രസ്(യു) ഇടതിനൊപ്പം ചേർന്നപ്പോൾ ആര്യാടനും എൽ.ഡി.എഫിനൊപ്പമായി.
80ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്ക് സ്ഥാനാർഥിയായപ്പോൾ അദ്ദേഹത്തിന് പകരക്കാരനായി സി. ഹരിദാസ് നിലമ്പൂരിൽ സ്ഥാനാർഥിയാവുകയും കോൺഗ്രസിലെ ടി.കെ. ഹംസയെ പരാജയപ്പെടുത്തുകയും ചെയ്തു. 1980ൽ ആന്റണി വിഭാഗത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ നായനാർ മന്ത്രിസഭയിൽ അംഗമായ ആര്യാടൻ മുഹമ്മദിന് മത്സരിക്കാൻ ഹരിദാസ് എം.എൽ.എ സ്ഥാനം രാജിവെച്ചു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ആര്യാടൻ മുഹമ്മദ് കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു. 1982ൽ കോൺഗ്രസിൽനിന്നും രാജിവെച്ച് ടി.കെ. ഹംസ എൽ.ഡി.എഫ് സ്ഥാനാർഥിയായി. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ മടങ്ങിയെത്തിയ ആര്യാടൻ മുഹമ്മദുമായി ഏറ്റുമുട്ടിയപ്പോൾ വിജയം ടി.കെ. ഹംസക്കായി. പിന്നീട് അങ്ങോട്ട് 1987, 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളിൽ ആര്യാടൻ മുഹമ്മദിന് മണ്ഡലം തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ചു.
2016ൽ ആര്യാടൻ മുഹമ്മദ് പിൻമാറി മകൻ ആര്യാടൻ ഷൗക്കത്ത് മത്സരരംഗത്ത് ഇറങ്ങിയെങ്കിലും കന്നിയങ്കത്തിൽ ഷൗക്കത്തിന് കാലിടറി. സ്വതന്ത്രൻ പി.വി. അൻവറിലൂടെ എൽ.ഡി.എഫ് നിലമ്പൂരിൽ ചെങ്കൊടി പാറിച്ചു. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രൻ പി.വി. അൻവർ വിജയം ആവർത്തിച്ചു. ഡി.സി.സി പ്രസിഡന്റായിരുന്ന വി.വി. പ്രകാശിനെ 2700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ പരാജയപ്പെടുത്തിയത്. 2025ൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞ് അൻവർ എൽ.ഡി.എഫ് വിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു.
തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസ് നില കൂടുതൽ മെച്ചപ്പെടുത്തി. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തി. ഇക്കുറി സ്വതന്ത്രനെ മത്സരരംഗത്ത് ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ് കോപ്പ് കൂട്ടുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ നേടിയ 19,760 വോട്ടുകളിൽ വലിയൊരു പങ്ക് എൽ.ഡി.എഫിലേക്ക് തിരിച്ചെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. അതേസമയം, ആര്യാടൻ ഷൗക്കത്തിന് ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ ഉയർന്ന വിജയമാണ് യു.ഡി.എഫ് മുന്നിൽ കാണുന്നത്.
ആരാവും സ്ഥാനാർഥി
യു.ഡി.എഫിൽ നിലവിലുള്ള എം.എൽ.എ ആര്യാടൻ ഷൗക്കത്തിനു തന്നെയാണ് പ്രഥമ പരിഗണന. ഉപതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന്റെ പശ്ചാത്തലത്തിൽ ഷൗക്കത്തിന് കോൺഗ്രസ് വീണ്ടും ടിക്കറ്റ് നൽകുമെന്നാണ് കരുതുന്നത്. യു.ഡി.എഫിന് മുൻതൂക്കമുള്ള നിലമ്പൂർ മണ്ഡലം പിടിച്ചെടുക്കാൻ സ്വതന്ത്രനാണ് നല്ലത് എന്ന വിലയിരുത്തലിൽ അത്തരമൊരു പരീക്ഷണത്തിനാണ് സി.പി.എം ഒരുങ്ങുന്നത്. ഏറനാട് കഴിഞ്ഞ തവണ പി.കെ. ബഷീറിനെതിരെ മത്സരിച്ച കെ.ടി. അബ്ദുറഹിമാൻ, ടി.കെ. ഹംസയുടെ മകൻ അഡ്വ. റഫീഖ്, ആര്യാടൻ മുഹമ്മദിനെതിരെ മുമ്പ് മികച്ച മത്സരം കാഴ്ചവെച്ച മുൻ കെ.പി.സി.സി മെംബറും ചുങ്കത്തറ മാർത്തോമ കോളജ് റിട്ട. പ്രിൻസിപ്പലുമായ പ്രഫ. തോമസ് മാത്യു എന്നിവരുടെ പേരുകൾ എൽ.ഡി.എഫിന്റെ പരിഗണനയിലുണ്ട്. എൻ.ഡി.എയിൽ കെ.സി. വേലായുധനാണ് സാധ്യത.
തദ്ദേശ കക്ഷി നില
നിലമ്പൂർ നഗരസഭ: യു.ഡി.എഫ് -28, എൽ.ഡി.എഫ്-07, ബി.ജെ.പി-01
അമരമ്പലം പഞ്ചായത്ത്: യു.ഡി.എഫ് -17 എൽ.ഡി.എഫ് -05
കരുളായി പഞ്ചായത്ത്: യു.ഡി.എഫ് -11, എൽ.ഡി.എഫ്-06
മൂത്തേടം പഞ്ചായത്ത്: യു.ഡി.എഫ് -17, എൽ.ഡി.എഫ്-01
ചുങ്കത്തറ പഞ്ചായത്ത്: യു.ഡി.എഫ്-17, എൽ.ഡി.എഫ്-04, ബി.ജെ.പി-01
എടക്കര പഞ്ചായത്ത്: യു.ഡി.എഫ് 12, എൽ.ഡി.എഫ്-07
പോത്തുകല്ല് പഞ്ചായത്ത്: യു.ഡി.എഫ്-16, എൽ.ഡി.എഫ്-03
വഴിക്കടവ് പഞ്ചായത്ത്: യു.ഡി.എഫ് 16, എൽ.ഡി.എഫ്-08
2021 നിയമസഭ തെരഞ്ഞെടുപ്പ്
പി.വി. അൻവർ (എൽ.ഡി.എഫ് സ്വത.)- 81,227
വി.വി. പ്രകാശ് (കോൺഗ്രസ്)-78,527
എൽ.ഡി.എഫ് ഭൂരിപക്ഷം -2,700
2025 ഉപതെരഞ്ഞെടുപ്പ്
ആര്യാടൻ ഷൗക്കത്ത് (കോൺഗ്രസ്)-77,737
എം. സ്വരാജ് (സി.പി.എം) -66,660
പി.വി. അൻവർ (തൃണമൂൽ സ്വത.) 19,760
യു.ഡി.എഫ് ഭൂരിപക്ഷം 11,077
2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ട് നില
യു.ഡി.എഫ്- --91,854
എൽ.ഡി.എഫ്---72,585
എൻ.ഡി.എ---8,835
യു.ഡി.എഫ് ലീഡ് ------19,269
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

