നിലമ്പൂർ ഇപ്പോഴും സ്വർണത്താഴ്വരയെന്ന് റിപ്പോർട്ട്
text_fieldsമലപ്പുറം: ബ്രിട്ടീഷ് ഭരണകാലത്ത് സജീവ സ്വർണഖനന മേഖലയായിരുന്ന നിലമ്പൂർ താഴ്വരയിൽ ഇപ്പോഴും സ്വർണശേഖരത്തിന് സാധ്യതയുണ്ടെന്ന് മൈനർ മിനറൽസ് ജില്ല സർവേ റിപ്പോർട്ട്. കേരള മിനറൽ എക്സ്പ്ലൊറേഷൻ ആൻഡ് ഡെവലപ്മെന്റ് പ്രോജക്ടിന്റെയും (കെ.എം.ഇ.ഡി.പി) ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും സമീപകാല പഠനങ്ങളെ ഉദ്ധരിച്ചുള്ളതാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ മുൻകൈയിൽ സബ് ഡിവിഷനൽ കമ്മിറ്റി തയാറാക്കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ പരാമർശങ്ങൾ.
പ്രധാനമായും രണ്ടു രൂപങ്ങളിലാണ് നിലമ്പൂർ താഴ്വരയിൽ സ്വർണനിക്ഷേപമുള്ളത്: നേരിട്ട് ഖനനം ചെയ്തെടുക്കാൻ സാധ്യതയുള്ള പ്രാഥമിക സ്വർണ ശേഖരവും നദീതടങ്ങളിലെ മണലിലും ചരലുകളിലും അലിഞ്ഞുചേർന്ന (അലൂവിയൽ) സ്വർണവും. നിലമ്പൂർ താഴ്വരയിലെ മരുത പ്രദേശമാണ് പ്രാഥമിക സ്വർണ ശേഖരത്തിന്റെ കേന്ദ്രം. കെ.എം.ഇ.ഡി.പി ഇവിടെ ഏകദേശം 0.55 ദശലക്ഷം ടൺ പ്രാഥമിക സ്വർണശേഖരം ഉള്ളതായി കണക്കാക്കിയിട്ടുണ്ട്.
350 മീറ്റർ ദൂരത്തിൽ, 100 മീറ്റർ ആഴം വരെ ഈ നിക്ഷേപം നീളുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് മൈനിങ് എക്സ്പ്ലൊറേഷൻ കോർപറേഷൻ ലിമിറ്റഡ് നടത്തിയ വിശദ പര്യവേക്ഷണം ഇത് കൂടുതൽ തെളിവുകളോടെ സാധൂകരിക്കുകയും ചെയ്തു. നിലമ്പൂർ താഴ്വരയിലെ മണ്ണിലും ചരലുകളിലും നദീതീരങ്ങളിലുമാണ് അലൂവിയൽ സ്വർണം കാണപ്പെടുന്നത്. ചരലുകളിൽ സ്വർണമുള്ള രണ്ടു പ്രധാന മേഖലകളാണ് പഠനങ്ങൾ തിരിച്ചറിഞ്ഞത്.
പാണ്ടിപ്പുഴ-ചാലിയാർപ്പുഴ മേഖല, പുന്നപ്പുഴ-കരക്കോട് പുഴ-മാരാടിപ്പുഴ മേഖല എന്നിവയാണ് ഇവ. സ്വർണമടങ്ങിയ ചരൽശേഖരം പുന്നപ്പുഴയിലും ചാലിയാർപുഴയിലും 18 കിലോമീറ്റർ ദൂരത്തിൽ ഏകദേശം മൂന്നു ദശലക്ഷം ക്യുബിക് മീറ്റർ ഉണ്ടാകാമെന്ന് കെ.എം.ഇ.ഡി.പി കണ്ടെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് 1831ലാണ് നിലമ്പൂർ-നീലഗിരി മേഖലയിൽ സ്വർണഖനനം തുടങ്ങുന്നത്. പ്രതികൂല കാലാവസ്ഥയും ആവശ്യമായ അളവിൽ സ്വർണം ലഭിക്കാത്തതും കാരണം 1899ൽ ഖനനം അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് ഏറെക്കാലം തദ്ദേശീയർ അസംഘടിതമായി പുഴയിൽനിന്ന് സ്വർണം അരിച്ചെടുത്തിരുന്നു. അതേസമയം, സമീപകാലത്ത് തുടർച്ചയായുണ്ടായ ഭീകരപ്രളയങ്ങൾ നിലമ്പൂരിലെ പുഴകളുടെ ഘടനയും സ്വഭാവവും മാറ്റിയത് സ്വർണനിക്ഷേപത്തെ സാരമായി ബാധിച്ചിട്ടുണ്ടാകാമെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

