കർക്കടക വാവ്: പിതൃതർപ്പണത്തിന് നിളാതീരമൊരുങ്ങി
text_fieldsതിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിൽ വ്യാഴാഴ്ച നടക്കുന്ന കർക്കടകവാവിന്റെ പിതൃതർപ്പണത്തിന് നിളാതീരമൊരുങ്ങി. 16 കർമികളുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ടിന് പിതൃതർപ്പണം ആരംഭിക്കും. ബലി രശീതി വാങ്ങി പടിഞ്ഞാറെ നടയിലൂടെ വന്ന് പിതൃതർപ്പണവും ക്ഷേത്രദർശനവും വഴിപാടുകളും കഴിച്ച് വടക്കെ നടയിലൂടെയാണ് തിരിച്ചു പോകേണ്ടത്.
നിള ഓഡിറ്റോറിയത്തിൽ വാവിനെത്തുന്നവർക്കായി കോയമ്പത്തൂർ മലയാളികൾ പ്രഭാത ഭക്ഷണം വിതരണം ചെയ്യും. വാവൊരിക്കലുമായി ബുധനാഴ്ച വൈകീട്ട് എത്തുന്നവർക്ക് താമസ സൗകര്യം ദേവസ്വം ഒരുക്കിയിട്ടുണ്ട്. സുരക്ഷക്കായി പൊലീസ്, അഗ്നിശമനസേന, മെഡിക്കൽ സംഘം, സുരക്ഷ തോണി, മുങ്ങൽ വിദഗ്ധർ, വളന്റിയർമാർ എന്നിവരെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം കർക്കടകവാവുബലി കാര്യമായി നടക്കാത്തതിനാൽ ഇത്തവണ വിശ്വാസികളുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
തിരുനാവായ ടൗൺ വഴി വലിയ വാഹനങ്ങൾ നിരോധിച്ചു
തിരൂർ: തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ കർക്കടക വാവുബലി ചടങ്ങുകൾ നടക്കുന്നതിനാൽ തിരുനാവായ ടൗൺ വഴി വലിയ വാഹനങ്ങൾ ബുധനാഴ്ച രാത്രി 12 മുതൽ വ്യാഴാഴ്ച രാവിലെ 12.00 വരെ നിരോധിച്ചു.
അമ്പലത്തിലേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്യാൻ പാടില്ല. അമ്പലത്തിൽനിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ 500 മീറ്റർ മാറിയുള്ള പെട്രോൾ പമ്പിന് സമീപത്തെ ഗ്രൗണ്ടിൽ വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് തിരൂർ പൊലീസ് അറിയിച്ചു.
കർക്കടക വാവിന് കെ.എസ്.ആർ.ടി.സി സ്പെഷൽ ബസുകൾ
തിരുനാവായ: കർക്കടക വാവ് ദിവസം വ്യാഴാഴ്ച തിരൂർ-കുറ്റിപ്പുറം റൂട്ടിൽ ആറ് കെ.എസ്.ആർ.ടി.സി ബസുകളും പുത്തനത്താണി-തിരുനാവായ റൂട്ടിൽ നാല് കെ.എസ്.ആർ.ടി.സി ബസുകളും പുലർച്ചെ ഒന്നു മുതൽ ഓടി തുടങ്ങും.
തിരക്ക് കൂടുന്ന പക്ഷം കൂടുതൽ ബസുകൾ അനുവദിക്കുമെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചതായി ദേവസ്വം മാനേജർ കെ. പരമേശ്വരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

