മണ്ണിടിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടന്നില്ല; കരിമലയിലൂടെ അപകട യാത്ര
text_fieldsഭിത്തി ഇടിഞ്ഞു വീണ് അപകടാവസ്ഥയിലായ കരിമല റോഡ്
മങ്കട: അരിപ്ര- വലമ്പൂർ- അങ്ങാടിപ്പുറം റോഡിൽ കരിമലയിൽ മഴയിൽ റോഡ് ഭിത്തികൾ ഇടിഞ്ഞു വീണത് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. കഴിഞ്ഞവർഷം 15 അടിയോളം ഉയരത്തിൽ നിന്ന് റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഗതാഗത തടസ്സം ഉണ്ടായ ഭാഗത്തിനു സമീപം താഴ്ചയിൽ നിന്ന് കെട്ടി ഉയർത്തിയ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ ആയിട്ട് രണ്ടുമാസം കഴിഞ്ഞു.
കഴിഞ്ഞമാസം ഇതേ റോഡിൽ തന്നെ ഒരു കിലോമീറ്റർ പരിധിയിൽ പത്തടിയോളം റോഡ് കെട്ടി ഉയർത്തിയ ഭാഗം ഇടിഞ്ഞു വീണ്ടും അപകടം ഉണ്ടായി. പ്രദേശത്ത് അപകടസൂചകമായ ബോർഡുകൾ വെച്ചതല്ലാതെ മറ്റൊരു നടപടിയും അധികൃയർ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞവർഷം റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും അടങ്ങുന്ന ഭാഗം ഇപ്പോഴും അങ്ങനെ തന്നെ കിടക്കുകയാണ്. കൂടാതെ രണ്ടു ഭാഗങ്ങളിലായി താഴ്ചയിലേക്ക് റോഡിന്റെ ഭിത്തി ഇടിഞ്ഞു വീണതും കൂടെ ആയപ്പോൾ ഈ റോഡിലൂടെയുള്ള യാത്ര അപകട ഭീഷണിയായി മാറി.
ഭാരമുള്ള വാഹനങ്ങൾ അടക്കം ഇപ്പോഴും ഈ ഭാഗത്തുകൂടെ യാത്ര ചെയ്യുന്നുണ്ട്. ഇടിഞ്ഞുവീണ ഭാഗം ശരിപ്പെടുത്തുന്നതിനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ വരുന്ന ഭാഗത്താണ് റോഡ് തകർന്നിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് റോഡ്. മങ്കട-തിരൂർക്കാട് റോഡിലെ പാലക്കത്തടത്തു നിന്നും വലമ്പൂർ - അങ്ങാടിപ്പുറം - പട്ടിക്കാട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കരിമല റോഡ് വളരെ പ്രധാനപ്പെട്ട പാതയാണ്.
മലഞ്ചെരുവിലെ വലിയ താഴ്ചയുള്ള ഭാഗത്താണ് കെട്ടി ഉയർത്തിയ കരിങ്കൽ ഭിത്തികൾ ഇടിഞ്ഞുവീണത്. അവശേഷിക്കുന്ന ഭാഗം റോഡിൽ വിള്ളൽ വീണ് പകടാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്. അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിനെ മറികടക്കാൻ പെരിന്തൽമണ്ണ - മഞ്ചേരി റൂട്ടിലെ വാഹനങ്ങൾ ധാരാളമായി ആശ്രയിക്കുന്ന റോഡാണിത്. അപകടാവസ്ഥയിലായ ഈ ഭാഗത്തുകൂടെ ഇപ്പോഴും വാഹനങ്ങൾ കടന്നു പോകുന്നത് കൂടുതൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

