പുതു വർഷം,പുതിയ തുടക്കം; പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ പണി ഉറപ്പ്
text_fieldsമലപ്പുറം: പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ജില്ലയിൽ ജനുവരി ഒന്നു മുതൽ നടപടി കർശനമാക്കുമെന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് അറിയിച്ചു. കുറ്റക്കാർക്കെതിരെ വൻ തുക പിഴ ചുമത്തും. നിരോധിത പ്ലാസ്റ്റിക് വിൽക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും ജില്ല കലക്ടർ അറിയിച്ചു.
ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് സർക്കാർ നിരോധനമുണ്ട്. പ്ലാസ്റ്റിക് പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാനുള്ള പ്രവണത ഇല്ലാതായിട്ടില്ല. ഇത് ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്ലാസ്റ്റിക് കവർ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ തദേശഭരണ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കും.
ജില്ലയെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് വ്യാപാരികളുടേയും പൊതുജനങ്ങളുടേയും സഹകരണം കലക്ടർ അഭ്യർഥിച്ചു. പരിശോധനക്കുള്ള എൻഫോഴ്സ് വിഭാഗത്തിനുള്ള പരിശീലനം പൂർത്തിയായി. ജനുവരി ഒന്നു മുതൽ എല്ലാ പഞ്ചായത്തിലും പ്രത്യേകം സ്ക്വാഡുകൾ രംഗത്തിറങ്ങും. പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാൻ അതിരാവിലെ തന്നെ ഇവർ സജീവമാകും.
രാത്രിയിലും പുലർച്ചെയുമാണ് മിക്കവാറും എല്ലായിടത്തും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത്. ജില്ലതലത്തിലുള്ള രണ്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് പുറമേ, എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള സ്ക്വാഡുകളുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന ഉണ്ടാവും. നിരോധിത പ്ലാസ്റ്റിക് വസ്തുകൾ ഉപയോഗിച്ചു നിർമിച്ച ഫ്ലക്സ് ബോർഡുകൾക്കെതിരെ കർശന നടപടി ഉണ്ടാവും.
ബാർകോഡോടെയുള്ള, ഫ്ലക്സ് ബോർഡ് മാത്രമേ ഉപയോഗിക്കാവൂ. വിപണിയിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ അധികം താമസമില്ലാതെ കിട്ടാതാവുന്ന സാഹചര്യം ഉടൻ ഉണ്ടാവുമെന്നും കലക്ടർ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ/വീഡിയോ നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകുമെന്ന് തദേശ ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.കെ. മുരളി അറിയിച്ചു.
വാട്സാപ്പ് നമ്പർ: 9446700800.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

