സ്കാനർ വഴി അധിക തുക അയച്ച് പുതിയ തട്ടിപ്പ്; സൈബർ സാമ്പത്തിക തട്ടിപ്പിൽ ജാഗ്രത പുലർത്തണമെന്ന് പൊലീസ്
text_fieldsമലപ്പുറം: പമ്പിൽനിന്ന് പെട്രോളടിച്ച് സ്കാനർ വഴി വലിയ തുക അയച്ചശേഷം ബാക്കി തുക പണമായി വാങ്ങി മുങ്ങുന്ന സംഘത്തിലെ കണ്ണികളെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടുങ്ങൽ ദക്ഷ പമ്പിലാണ് ജൂൺ ഒന്നിന് പുതിയ തട്ടിപ്പ് നടത്തിയത്.
രണ്ട് യുവാക്കൾ പെട്രോൾ അടിക്കാനെന്ന വ്യാജേന എത്തുകയും കൈയിൽ പണമില്ലെന്നും അതിനാൽ സ്കാനർ സുഹൃത്തിന് അയച്ച് നൽകി പണം അയപ്പിക്കാമെന്നും അറിയിക്കുകയായിരുന്നു. തുടർന്ന്, സ്കാനർ മറ്റൊരാൾക്ക് അയച്ചുനൽകി പണം അയപ്പിക്കുകയും ചെയ്തു. എന്നാൽ, അയച്ച തുക 500ന് പകരം 50,000 രൂപ മാറിപ്പോയെന്ന് പറഞ്ഞ് അക്കൗണ്ട് പരിശോധിപ്പിക്കുകയും 50,000 രൂപ എത്തിയതായി കണ്ടതിനെതുടർന്ന് ബാക്കി 49500 രൂപ പണമായി കൈയിൽ നൽകുകയുമായിരുന്നു.
തൊട്ടടുത്ത ദിവസം അക്കൗണ്ട് ഫ്രീസായത് മനസ്സിലാക്കിയ പമ്പ് ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പ് വിവരം ഉടമ അറിയുന്നത്. അയച്ചുകിട്ടിയ 50,000 രൂപ പ്രതികൾക്ക് സൈബർ തട്ടിപ്പിലൂടെ കിട്ടിയ തുകയായതിനാൽ തട്ടിപ്പിന് ഇരയായവർ പരാതി നൽകുന്നതോടെ പണം എത്തിയ അക്കൗണ്ടുകളും ഫ്രീസ് ആകും. പമ്പ് ഉടമയുടെ അക്കൗണ്ട് ഫ്രീസാകാൻ കാരണമിതാണ്. തൊട്ടടുത്ത ദിവസം സമാനമായി പെട്രോൾ അടിക്കാൻ വന്ന മറ്റൊരു സംഘത്തെ പമ്പ് ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ ജില്ലയിൽ വിവിധ പെട്രോൾ പമ്പുകളിൽ സമാന തട്ടിപ്പ് നടന്നതായി മനസ്സിലായി. തട്ടിപ്പിന് പിറകിലുള്ള മുഴുവൻ പ്രതികൾക്കുംവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടിത സൈബർ സാമ്പത്തിക തട്ടിപ്പിൽ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

