ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; ‘മികവുത്സവം’ സാക്ഷരത പരീക്ഷ പൂർത്തിയായി
text_fieldsമലപ്പുറം: സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കിയ കേന്ദ്രാവിഷ്കൃത സാക്ഷരത പദ്ധതി ‘ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം -ഉല്ലാസ്’ സാക്ഷരത പരീക്ഷ ‘മികവുത്സവം’ ജില്ലയിൽ പൂർത്തിയായി. പാങ്ങ് ജി.എൽ.പി സ്കൂളിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ് 105കാരി കുഞ്ഞിപ്പെണ്ണിന് ചോദ്യപേപ്പർ നൽകി മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കുഞ്ഞിപ്പെണ്ണിനെയും കെ.ടി. കദിയക്കുട്ടിയെയും എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ പാലപ്ര അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചർ, ബ്ലോക്ക് മെംബർ ഒ. മുഹമ്മദ് കുട്ടി, ജി.എൽ.പി സ്കൂൾ അധ്യാപകൻ കെ.ടി. അബ്ദുൽ മജീദ്, സാക്ഷരത മിഷൻ അസി. കോഓഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻകുട്ടി, എൻ.പി. മുഹമ്മദലി, വി. ഷൺമുഖൻ, കെ.വി. അലി, കെ.ടി. സാജിദ എന്നിവർ സംസാരിച്ചു. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതവും നോഡൽ പ്രേരക് കെ.പി. ഉമ്മു ഹബീബ നന്ദിയും പറഞ്ഞു.
ജില്ലയിൽ പങ്കെടുത്തത് 8137 പേർ
ജില്ലയിൽ 8137 നവസാക്ഷരരാണ് 283 കേന്ദ്രങ്ങളിലായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മികവുത്സവത്തിൽ പങ്കെടുത്തത്. ഇവരിൽ 6640 പേർ സ്ത്രീകളും 1533 പേർ പുരുഷന്മാരുമാണ്. 1936 പേർ പട്ടികജാതിക്കാരും 353 പേർ പട്ടികവർഗക്കാരും ഉൾപ്പെടും. 72 ഗ്രാമപഞ്ചായത്തുകളിലും 10 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കിയത്. 841 സന്നദ്ധ അധ്യാപകരുടെ സേവനം വഴിയാണ് ക്ലാസുകൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

