ഊന്നുവടിയേന്തി നൗഷാദ് അലയുന്നു; മുച്ചക്ര വണ്ടിക്കായി
text_fieldsപി.ടി. നൗഷാദ് നിവേദനങ്ങളുമായി
മലപ്പുറം: ഒരു മുച്ചക്ര വണ്ടിക്കായി ഭിന്നശേഷിക്കാരനായ നൗഷാദ് മുട്ടാത്ത വാതിലുകളില്ല, ഊന്നുവടിയേന്തി ഓഫിസുകൾ കയറിയലഞ്ഞിട്ടും ഈ യുവാവിന് മുമ്പിൽ സാങ്കേതികത്വം പറഞ്ഞ് സർക്കാർ സംവിധാനം വാതിലടക്കുകയാണ്. പുളിക്കൽ വലിയപറമ്പ് ചെറുമുറ്റം വളച്ചെട്ടിയിൽ പി.ടി. നൗഷാദ് എന്ന 39കാരനാണ് സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കാൻ ഒരു വാഹനത്തിനായി വർഷങ്ങളോളമായി സർക്കാറിന് നിവേദനങ്ങൾ നൽകി കാത്തിരിക്കുന്നത്.
14ാം വയസിൽ മരത്തിന്റെ മുകളിൽനിന്നും കൽക്വാറിയിലേക്കുള്ള വീഴ്ചയാണ് നൗഷാദിന്റെ ജീവിതം തകിടംമറിച്ചത്. വീഴ്ചയിൽ തലക്കും വയറിനും സാരമായി പരിക്കേൽക്കുകയും ഇടുപ്പെല്ല് പൊട്ടുകയും ചെയ്ത നൗഷാദ് ദീർഘകാലം ശയ്യാവലംബിയായി. ദീർഘമായ ആശുപത്രിവാസത്തിനുശേഷമാണ് ഊന്നുവടിയിൽ നിൽക്കാൻ പറ്റിയത്. ഭാര്യയും ചെറിയ മൂന്നു മക്കളുമുള്ള നൗഷാദിന് നാലു സെന്റിലെ വീടൊഴിച്ച്, വരുമാനമാർഗമൊന്നുമില്ല.
പരസഹായത്തോടെയാണ് തുടർ ചികിത്സയും ജീവിതച്ചിലവുകളും നടത്തുന്നത്. നൗഷാദിന് മുച്ചക്ര വണ്ടിയിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന തൊഴിൽ ചെയ്യണമെന്നുണ്ട്. 10 വർഷം മുമ്പ് ജില്ല പഞ്ചായത്തിന്റെ പദ്ധതിയിൽ മുച്ചക്രവാഹനം കിട്ടിയിരുന്നെങ്കിലും ചുരുങ്ങിയ വർഷങ്ങൾകൊണ്ട് തകരാറായി. നിവേദനങ്ങളേറെ നൽകിയിട്ടും ആരും കനിഞ്ഞില്ല. 2020-‘21ൽ ഗുണഭോക്തൃപട്ടികയിൽ ഒന്നാമനായിട്ടും മുമ്പ് വാഹനം കിട്ടിയിട്ട് ഏഴ് വർഷമേ ആയുള്ളു എന്ന കാരണത്താൽ അപേക്ഷ നിരസിക്കപ്പെട്ടു. തൊട്ടടുത്ത വർഷം പട്ടികയിൽ മൂന്നാമനായെങ്കിലും പഞ്ചായത്ത് അധികൃതർ ഇലക്ട്രിക് വീൽചെയറിനുള്ള ഗുണഭോക്തൃപട്ടികയിലേക്ക് നൗഷാദിനെ മാറ്റിയെന്ന് പറയുന്നു.
ആശുപത്രിയിലായിരിക്കെ, നൗഷാദിനോട് ചോദിക്കാതെയാണ് പഞ്ചായത്ത് ഇത് ചെയ്തതെന്ന് പറയുന്നു. തനിക്ക് വീൽചെയറല്ല, മുച്ചക്ര വണ്ടിയാണ് വേണ്ടതെന്ന് മെഡിക്കൽ ക്യാമ്പിൽ നൗഷാദ് എഴുതികൊടുത്തെങ്കിലും മുച്ചക്ര വാഹനത്തിനുള്ള പട്ടികയിൽ നൗഷാദിന് ഇടംലഭിച്ചില്ല. ഇതുമൂലം ജില്ല പഞ്ചായത്തിന്റെ 2023-‘24 പദ്ധതിയിൽ നൗഷാദിന്റെ പേരില്ല. മുച്ചക്ര വാഹനത്തിനായി മുഖ്യമന്ത്രിക്കും ജില്ല പഞ്ചായത്തിലും ഭിന്നശേഷി കമീഷനുമടക്കം നിവേദനം നൽകുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് നൗഷാദ് പറയുന്നു. ഇടുപ്പെല്ലിന് പൊട്ടുള്ളതിനാൽ കടുത്ത വേദന സഹിച്ചാണ് നൗഷാദ് ഊന്നുവടിയുമായി യാത്ര ചെയ്യുന്നത്.
ഇടുപ്പെല്ലിന് അടിയന്തരമായി തുടർചികിത്സയും വേണം. നൗഷാദിനെ ബോധപൂർവ്വം തഴഞ്ഞതല്ലെന്ന് പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് പറഞ്ഞു. വീൽചെയറിനുള്ള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതാണ് നൗഷാദിന് വാഹനം കിട്ടാൻ തടസ്സമായത്. പദ്ധതി നടപ്പാക്കുന്നത് ജില്ല പഞ്ചായത്താണെന്നും പഞ്ചായത്ത് വേണ്ടത് ചെയ്യുമെന്നും കെ.കെ. മുഹമ്മദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

