ഇന്ന് ദേശീയ സ്റ്റാർട്ടപ്പ് ദിനം; ‘ആദ്യപാഠം’ പകർന്ന സ്വപ്നത്തിലേക്ക് ജമാനുദ്ദീന്റെ സംരംഭക യാത്ര
text_fieldsമലപ്പുറം: പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകൻ പകർന്നു നൽകിയ ഒരറിവ് തന്റെ ജീവിത സ്വപ്നങ്ങളുടെ ലക്ഷ്യമാക്കി മാറ്റിയ സംരംഭകനാണ് എ.ആർ നഗർ ഇരുമ്പുചോല സ്വദേശി പി. ജമാനുദ്ദീൻ. നാലുവർഷത്തോളമായി ബംഗളൂരുവിൽ ‘അസ് ലി ഫ്രഷ്’ എന്ന ബ്രാൻഡിൽ ഇറച്ചിയും മീനും പാക്ക് ചെയ്തു ഓൺലൈനിൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്ന സംരംഭകനാണിപ്പോൾ.
പുതിയ സംരംഭങ്ങൾ തുടങ്ങാനും ജോലിക്കുമായി ബംഗളൂരുവിൽ എത്തുന്ന മലയാളികൾക്ക് സഹായം നൽകുന്ന പദ്ധതിയും തൊഴിൽ സാധ്യതകൾക്ക് പിന്തുണ നൽകിയും ജമാനുദ്ദീൻ നേരത്തേ ശ്രദ്ധ നേടിയിരുന്നു. 25 വർഷം മുമ്പ് എ.ആർ നഗർ ഇരുമ്പുചോല എ.യു.പി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ജമാനുദ്ദീന്റെ അധ്യാപകൻ കെ.എം. ഹമീദ് താൻ വായിച്ച ഇന്റർനെറ്റ് സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് നൽകിയ വിവരണമാണ് ജമാനുദ്ദീന്റെ മനസിനെ ആകർഷിച്ചത്.
ഇ-കോമേഴ്സും ഇന്റർനെറ്റ് ലോകവുമൊക്കെ കേട്ട് കേൾവി മാത്രമായിരുന്ന കാലത്ത് ‘മാധ്യമം‘ പത്രത്തിൽ വായിച്ച വിവരങ്ങളാണ് അധ്യാപകൻ ഹമീദ് വിദ്യാർഥികളുമായി പങ്കുവെച്ചത്. അന്ന് ആ കൊച്ചു പയ്യന്റെ മനസിൽ ഒരു സംരംഭത്തിന്റെ അടിത്തറക്ക് മൊട്ടിട്ടു.
‘‘ നമ്മൾ ഓർഡർ ചെയ്യുന്ന ഉൽപന്നങ്ങൾ വീട്ടുപടിക്കലെത്തുന്ന ഒരു കാലം വരാനുണ്ട് ’’ എന്ന അധ്യാപകന്റെ വാക്കുകളാണ് ഇന്ന് ജമാനുദ്ദീൻ ബംഗ്ളൂരിൽ നാലുവർഷത്തോളമായി സ്വപ്രയത്നത്താൽ രൂപപ്പെടുത്തിയ ബിസിനസ് സംരംഭത്തിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

