ദേശീയപാത വികസനം:ജനങ്ങളുടെ ആശങ്ക പരിഹരിക്കണം
text_fieldsമലപ്പുറം: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇടിമൂഴിക്കല്‍ മുതല്‍ തലപ്പാറ വരെ പ്രധാന ജങ്ഷനുകളിലെ മേല്‍പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണം, ഡ്രൈനേജ് നിര്‍മാണത്തിലെ അപാകത, സര്‍വിസ് റോഡുകള്‍ക്കുള്ള കണക്ടിവിറ്റി പ്രശ്നം, മിനി അണ്ടര്‍ പാസേജിന്റെ അപര്യാപ്തത, ഗതാഗത കുരുക്ക്, വിദ്യാര്‍ഥികളുടെ സഞ്ചാര പ്രശ്നം, വ്യാപാരികള്‍, ടാക്സി തൊഴിലാളികള്‍ എന്നിവരുടെ ആശങ്കകള്‍ എന്നിവ പരിഹരിക്കണമെന്ന് പി. അബ്ദുൽ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് ഇക്കാര്യമുന്നയിച്ചത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സംയുക്ത സ്ഥല പരിശോധന നടത്തിയതും ഇതിന്റെ നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ, എന്‍.എച്ച്) അറിയിച്ചു. ഇടിമുഴിക്കല്‍-അഗ്രശാല-പാറക്കടവ് റീച്ച് രണ്ട് റോഡിലെ ചാലിപ്പറമ്പിനും കുറ്റിപ്പാലക്കുമിടയിലുള്ള ഇറക്കത്തിലുള്ള വളവില്‍ ഡ്രൈനോ, ഐറിഷ് കോണ്‍ക്രീറ്റോ ഇല്ലാത്തതിനാല്‍ റോഡിലെ വെള്ളം മുഴുവന്‍ താഴെയുള്ള വീടുകളിലേക്ക് കുത്തിയൊലിച്ച് പോവുകയാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ഇവിടെ ക്രാഷ് ബാരിയറോ/ബ്രോക്കണ്‍ പാരപ്പറ്റോ സ്ഥാപിച്ച് സ്ഥലം അപകടമുക്തമാക്കുന്ന പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ പി.ഡബ്ല്യു.ഡി (റോഡ്സ്) അറിയിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്.ടി.ഒ ഓഫിസ് പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പും ട്രാന്‍സ്പോര്‍ട്ട് വകുപ്പും സംയുക്ത പരിശോധന നടത്തി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു.
എല്ലാ വൃക്കരോഗികള്‍ക്കും ഡയാലിസിസ് നടത്തുന്നതിന് ആഴ്ചയില്‍ 1000 രൂപ ക്രമത്തില്‍ ഒരു മാസം പരമാവധി 4000 രൂപ ബന്ധപ്പെട്ട ആശുപത്രി മുഖേന ധനസഹായം നല്‍കുന്നതിന് നിര്‍ദേശിച്ചതായി ഡി.എം.ഒ ഡോ. ആര്. രേണുക പറഞ്ഞു. സംസ്ഥാനത്തെ മികച്ച ശുചിത്വമുള്ള പഞ്ചായത്തുകളുടെ ലിസ്റ്റില്‍ ആദ്യപത്തില്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാറഞ്ചേരി, കീഴാറ്റൂര്‍, കൂട്ടിലങ്ങാടി എന്നീ പഞ്ചായത്തുകളാണ് സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ജില്ലയിലെ ബാക്കിയുള്ള പഞ്ചായത്തുകള്‍ ഈ മൂന്ന് പഞ്ചായത്തുകളെ മാതൃകയാക്കി ഗ്രീന്‍ മലപ്പുറമായി ജില്ലയെ മാറ്റാന്‍ ശ്രമിക്കണമെന്ന് ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ പറഞ്ഞു.
കീഴാറ്റൂരില്‍ നിര്‍മിക്കുന്ന പൂന്താനം സ്മാരകത്തിന്റെ ഓഡിറ്റോറിയവും ഗ്രീന്‍ റൂമും ഉള്‍പ്പെടുന്ന രണ്ടു നില കെട്ടിടത്തിന്റെ നിര്‍മാണം, ടോയ്ലറ്റ് ബ്ലോക്ക് നിര്‍മാണം, പ്രവേശന കവാടം എന്നിവ ആണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പ്രവേശന കവാട നിര്‍മാണം പുരോഗമിക്കുകയാണെന്ന് ജില്ല നിർമിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ബില്ലുകള്‍ സമര്‍പ്പിക്കുന്ന മുറക്ക് ഫണ്ട് വകുപ്പുകളില്‍ നിന്നും കൃത്യമായി ലഭിക്കാത്തത് പ്രവൃത്തിയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ലഹരി മുക്ത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിന് പൊന്നാനി മുതല്‍ വഴിക്കടവ് വരെ തീര്‍ക്കുന്ന മനുഷ്യ ശൃംഖലയില്‍ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ല കലക്ടര്‍ അഭ്യര്‍ഥിച്ചു.
ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാന്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍, എ.ഡി.എം എന്‍.എം. മെഹ്റലി, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, തിരൂര്‍ സബ്കലക്ടര്‍ സച്ചിന് കുമാര്‍ യാദവ്, ജില്ല പ്ലാനിങ് ഓഫിസര്‍ കെ.പി. ബാബുകുമാര്‍, ഡി.ഡി.സി രാജീവ് കുമാര്‍ ചൗധരി, എം.എല്‍.എമാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

