തിരൂരങ്ങാടി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാട് ഡപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്കുമാറിെൻറ നേതൃത്വത്തിൽ വീണ്ടും ദേശീയപാത സർേവ അളവെടുപ്പിനെത്തിയത് പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥർ എത്തിയത്. വീട്ടുടമകളും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.
മുമ്പ് പൂർത്തിയാക്കിയ സർവേ നടപടികളിലെ അപാകത പരിഹരിക്കാൻ ദിവസങ്ങൾക്ക് മുമ്പും െഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസ് സന്നാഹത്തോടെ അളവെടുക്കാനെത്തിയിരുന്നു. അന്നും പ്രതിഷേധമുയരുകയും വീട്ടുടമയെ മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹൈകോടതിയിൽ നിന്ന് നാട്ടുകാർ സ്റ്റേ വാങ്ങി. ഈ സ്റ്റേ നീങ്ങിയതായും നിയന്ത്രണങ്ങൾ പാലിച്ച് സർവേ നടത്താൻ അനുമതിയായെന്നും കാണിച്ചുള്ള ഉത്തരവുമായാണ് പോലീസുകാരുൾപ്പെടെ 15ഓളം പേരെത്തിയത്. എന്നാൽ, കോവിഡ് പരിശോധന കഴിഞ്ഞ രേഖ കാണിക്കാതെയും നിയന്ത്രണങ്ങൾ പാലിക്കാതെയും വീട്ടുവളപ്പിൽ കയറുന്നത് വീട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും
പൊലീസ് തള്ളിമാറ്റി. കോവിഡ് കഴിയും വരെയെങ്കിലും അളവെടുപ്പിനായി വരരുതെന്ന് നാട്ടുകാർ അപേക്ഷിച്ചിട്ടും വീടിെൻറ മതിൽ ചാടിക്കടന്ന് അളവെടുക്കുന്നത് തുടരുകയായിരുന്നു.ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കായികമായി കീഴ്പ്പെടുത്തിയശേഷമാണ് സർവേ നടപടികളുമായി മുന്നോട്ടു പോയതെന്ന് വീട്ടുടമ ജൗഫര്‍ എട്ടുവീട്ടിൽ പറഞ്ഞു. മര്‍ദിച്ച ശേഷമാണ് അളവെടുപ്പ് നടത്തിയതെന്ന് കരീം കക്കാട് പറഞ്ഞു. കഴിഞ്ഞ ദിവസം വെന്നിയൂരില്‍ ഭിന്നശേഷിക്കാരനായ നൗഷാദ് എന്ന വീട്ടുടമസ്ഥനെയും മര്‍ദിച്ചിരുന്നു. നടപടികൾ പൂർത്തീകരിച്ച് ഉദ്യോഗസ്ഥർ മടങ്ങി. ബാക്കി ഭാഗം അളവെടുക്കാൻ ചൊവ്വാഴ്ച സംഘമെത്തുമെന്നാണ് അറിയുന്നത്.