നരണിപ്പുഴ -കുമ്മിപ്പാലം കോൾപടവ് നവീകരണം; വെള്ളം വറ്റിക്കലിന് തുടക്കം
text_fieldsനരണിപ്പുഴ -കുമ്മിപ്പാലം കോൾ പടവ് നവീകരണത്തിന് മുന്നോടിയായി വെള്ളം വറ്റിക്കാൻ തുടങ്ങിയപ്പോൾ
വെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്തിലുൾപ്പെട്ട നരണിപ്പുഴ -കുമ്മിപ്പാലം കോൾപടവിൽ സ്ഥിരം ബണ്ട് നിർമാണത്തിന്റെയും, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും മുന്നോടിയായി കർഷകരുടെ നേതൃത്വത്തിൽ കോൾപടവിലെ വെള്ളം വറ്റിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. ഒരാഴ്ചക്കകം പൂർത്തിയാക്കും. വെള്ളം വറ്റിച്ചാലുടൻ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സ്ഥിരം ബണ്ട്, മോട്ടോർ ഷെഡ്, രണ്ട് സ്ലൂയിസുകൾ, രണ്ട് റാമ്പുകൾ എന്നിവ നിർമിക്കുകയും, ഉൾത്തോട് നവീകരണം നടത്തുകയും ചെയ്യും. ബണ്ട് നിർമാണത്തിന് തടസ്സമില്ലാതിരിക്കാൻ ഈ വർഷം കൃഷിയിറക്കേണ്ടെന്ന് കർഷകർ തീരുമാനിച്ചിരുന്നു. കർഷകരുടെ മുറവിളികൾക്കൊടുവിൽ കഴിഞ്ഞവർഷം ബണ്ട് നിർമാണത്തിന് തുക അനുവദിച്ചിരുന്നെങ്കിലും നിർമാണം വൈകിയിരുന്നു.
ഈ സാമ്പത്തിക വർഷം ബണ്ട് നിർമാണം ആരംഭിച്ചില്ലെങ്കിൽ തുക പാഴാകുമെന്നതിനാലാണ് നിർമാണം ഉടൻ ആരംഭിക്കുന്നത്. നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി നരണിപ്പുഴ- കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എൻജിൻ തറകളുടെ നിർമാണത്തിനുമായി 3,92,00,000 രൂപക്കുള്ള ഭരണാനുമതി ലഭിച്ചിരുന്നു. കെ.എൽ.ഡി മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുക. മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ബണ്ട് നിർമിക്കുക. 220 ഏക്കർ വിസ്തൃതിയുള്ളതും വർഷം തോറും 600 ടൗൺ വരെ നെല്ല് സംഭരിക്കുന്നതുമായ ഈ പാടശേഖരത്തെ ആശ്രയിച്ച് 250ഓളം കർഷകരും നൂറുകണക്കിന് കർഷക തൊഴിലാളികളുമാണ് കഴിയുന്നത്. കോൾ പടവിൽ ഉൾപ്പെട്ട രണ്ടേമുക്കാൽ കിലോമീറ്റർ വരുന്ന ബണ്ടിനെ ആശ്രയിച്ചാണ് പ്രധാനമായും പുഞ്ചകൃഷി ചെയ്യുന്നത്.
സ്ഥിരം ബണ്ടില്ലാത്തതിനാലുള്ള ഭാരിച്ച ചെലവ് മൂലവും എൻജിൻ തറയില്ലാത്തതിനാലും ഈ വർഷം കർഷകർ കൃഷിയിറക്കില്ലെന്ന് കോൾപടവ് ഭാരവാഹികൾ ഗ്രാമപഞ്ചായത്തിനെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

