‘പണി’ ഒപ്പിച്ച് മുങ്ങണ്ട, എല്ലാം മുകളിലുള്ളവൻ കാണും
text_fieldsജില്ല പൊലീസിന് അനുവദിച്ച ഡ്രോൺ സർക്കിൾ ഇൻെസ്പക്ടർ ജോബി തോമസിന്റെ
നേതൃത്വത്തിൽ കോട്ടക്കുന്നിൽ പരീക്ഷണ പറത്തൽ നടത്തുന്നു
മലപ്പുറം: കുറ്റകൃത്യങ്ങൾ നടത്തി മുങ്ങിനടക്കുന്നവരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്താൻ ജില്ല പൊലീസിന് സംസ്ഥാന സർക്കാർ അനുവദിച്ച നാനോ മോഡൽ ഡ്രോണിന്റെ പരീക്ഷണ പറക്കൽ നടത്തി. മലപ്പുറം കോട്ടക്കുന്നിന് മുകളിൽ നടത്തിയ പരീക്ഷണ പറക്കലിന് മലപ്പുറം സി.ഐ ജോബി തോമസ് നേതൃത്വം നൽകി. കഞ്ചാവ്, രാസലഹരി തുടങ്ങിയ മയക്കുമരുന്നിന് അടിപ്പെട്ട് കുറ്റകൃത്യങ്ങൾ നടത്തി ഒളിവിൽ പോയി തങ്ങുന്നവരുടെ സങ്കേതങ്ങൾ ഡ്രോൺ സഹായത്തോടെ കണ്ടെത്തുകയും പിന്നീട് കുറ്റവാളികളെ നേരിട്ട് ചെന്ന് പിടികൂടുകയുമാണ് ഉദ്ദേശിക്കുന്നത്.
പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെടുകയും വിദേശ നാടുകളിലേക്കുവരെ കടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഓരോ ജില്ലക്കും സ്വന്തമായി ഡ്രോൺ സംവിധാനം ഏർപ്പെടുത്തിയത്. മലപ്പുറം ജില്ല പൊലീസിന് മാത്രമാണ് നിലവിൽ ഡ്രോൺ നൽകിയിട്ടുള്ളത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കുംകൂടിയുള്ളതാണിത്. എന്നാൽ, ഇതുകൊണ്ട് മാത്രം ജില്ലയിലെ മൊത്തം കാര്യങ്ങൾ നിരീക്ഷിക്കാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. പൊലീസിനെ കാണുന്നതോടെ കുറ്റുവാളികൾ ഒഴിഞ്ഞപറമ്പുകളിലും ക്വാർട്ടേഴ്സുകളിലും മറ്റും ഒളിഞ്ഞിരിക്കുന്ന സാഹചര്യമുണ്ട്.
ഇത്തരക്കാരെ കണ്ടെത്താൻ പൊലീസിന്റെ സാങ്കേതിക സംവിധാനത്തിന് പരിമിതികളുണ്ട്. ഡ്രോൺ ഉപയോഗിക്കുന്നതോടെ കൃത്യമായ ദൃശ്യങ്ങളടക്കം പ്രതികളെ പിടികൂടാൻ സാധിക്കുമെന്ന് മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു.
ലഹരിക്കച്ചവടക്കാരെയും ഇടനിലക്കാരെയും ഉപഭോക്താക്കളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പൊലീസ് വകുപ്പിൽനിന്നുതന്നെ പരിശീലനം ലഭിച്ചയാളാണ് ഡ്രോൺ പ്രവർത്തനത്തിന് നേതൃത്വം നൽകുക. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിങ് നടത്തുന്നത്. ബസ് സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും.
ഇതിന്റെ ലൊക്കേഷൻ വിഡിയോയും ഫോട്ടോയും അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. കോട്ടക്കുന്നിലെ പാർക്കിന് സമീപം നടന്ന പരീക്ഷണ പറക്കൽ ചടങ്ങിൽ മലപ്പുറം എസ്.ഐ സൈനുൽ ആബിദ്, സി.പി.ഒ ജസീർ, എ.എസ്.ഐ ഗോപി മോഹൻ എന്നിവർ സംബന്ധിച്ചു.
ലഭിക്കുക വ്യക്തതയാർന്ന ദൃശ്യങ്ങൾ
കേരള പൊലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ് വികസിപ്പിച്ചെടുത്ത 250 ഗ്രാം തൂക്കമുള്ള നാനോ വിഭാഗത്തിൽപെട്ട ഡ്രോണാണ് ജില്ലക്ക് അനുവദിച്ചത്. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 120 മീറ്ററിൽ പറന്ന് നിരീക്ഷണം നടത്താൻ സാധിക്കും.
ഒന്നര മണിക്കൂർ വരെ നിരീക്ഷണം നടത്താനും 16 കി.മീ. വരെ ദൂരത്തേക്ക് പോകാനും ഇതിന് സാധിക്കും. 48 എം.ബി കാമറയാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ ഫോർ കെ മിഴിവാർന്ന ദൃശ്യങ്ങളാണ് ലഭിക്കുക. ചെന്നൈയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) കീഴിൽ പരിശീലനം ലഭിച്ച രണ്ട് പേരാണ് ജില്ലയിൽ ഇതിന്റെ പ്രവർത്തനം നടത്തുക. 45 പൊലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് പൊലീസിന്റെ ഡ്രോൺ കൈകാര്യം ചെയ്യുന്നത്. സൈബർ ഡോമിന്റെ ചുമതലയുള്ള ഐ.ജി.പി പ്രകാശാണ് സംസ്ഥാനതല മേൽനോട്ടം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

