നമ്പ്രാണി റെഗുലേറ്റർ പദ്ധതി ഒക്ടോബറോടെ: നിർമാണോദ്ഘാടനം ഇന്ന്
text_fieldsമലപ്പുറം നഗരസഭയുടെ നേത്യത്വത്തിൽ നിർമിക്കുന്ന നാമ്പ്രാണി ചെക്ക്ഡാമിന്റെ നിർദിഷ്ട സ്ഥലം
മലപ്പുറം: മലപ്പുറം, മേൽമുറി വില്ലേജുകളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്താനുള്ള നഗരസഭയുടെ നമ്പ്രാണി റെഗുലേറ്റർ പദ്ധതി പ്രവൃത്തി ആരംഭത്തിലേക്ക്. പദ്ധതിയുടെ നിർമാണോദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30ന് പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കും. നഗരസഞ്ചയം ഫണ്ടിൽ ഉൾപ്പെടുത്തി 22 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണ പ്രവൃത്തികൾ ഒക്ടോബർ മാസത്തോടെ ആരംഭിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ നിലവിലുള്ള തടയണ പൊളിച്ചുമാറ്റി കെട്ടിനിർത്തിയ വെള്ളം മുഴുവൻ ഒഴുക്കിക്കളയും. തുടർന്ന് നിർമാണ പ്രവൃത്തികൾ ആരംഭിക്കും. പുഴയിൽ നീരൊഴുക്ക് തുടരുന്നതിനാൽ തടയണ പൊളിച്ചുമാറ്റിയാലും കുടിവെള്ള പ്രശ്നം നേരിടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വേനലിൽ പുഴയിലെ നീരൊഴുക്ക് കുറയുന്നതിന് മുന്നോടിയായി നിർദിഷ്ട പദ്ധതിക്ക് അൽപം മുകളിലായി താൽക്കാലിക തടയണ ഒരുക്കി വെള്ളം സംഭരിക്കാനാണ് ആലോചന. പൈലിങ് ഷീറ്റുകൾ പുഴയിൽ സ്ഥാപിച്ചാണ് താൽക്കാലിക തടയണ ഒരുക്കുക.
അടുത്ത വർഷക്കാലത്തിന് മുന്നോടിയായി പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. കടലുണ്ടിപ്പുഴയില്‍ സിവില്സ്റ്റേഷന് പിറകിലെ ശാന്തിതീരത്തിന് അടുത്തായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നഗരസഭ, ജലസേചന വകുപ്പ്, ജല വകുപ്പ് എന്നിവരുടെ സംയുക്ത യോഗം ചേർന്നിരുന്നു. പദ്ധതി യാഥാർഥ്യമായാൽ മലപ്പുറം നഗരസഭ കൂടാതെ മേല്‍മുറി, കോഡൂര്‍, കൂട്ടിലങ്ങാടി, കുറുവ, മക്കരപറമ്പ്, പഞ്ചായത്തുകൾക്കും ഗുണകരമാകും.
ശനിയാഴ്ച വൈകീട്ട് 4.30ന് ശാന്തിതീരം പാർക്ക് പരിസരത്ത് നടക്കുന്ന നിർമാണോദ്ഘാടനത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിക്കും. കോഴിക്കോട് നോർത്ത് സർക്കിൾ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ ബാലകൃഷ്ണൻ മണ്ണാറക്കൽ റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ ഉപാധ്യക്ഷ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്ഥിരസമിതി അധ്യക്ഷൻമാരായ പി.കെ. അബ്ദുൽ ഹകീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോതൊടി, സി.പി. ആയിശാബി, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിലർ കെ.പി.എ. ഷരീഫ് എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

