മുസ്ലിം ലീഗ് മലപ്പുറം ജില്ല സമ്മേളനത്തിന് ഉജ്ജ്വല സമാപനം
text_fieldsമലപ്പുറത്ത് നടന്ന മുസ്ലീം ലീഗ് ജില്ല സമ്മേളനത്തിന്‍റെ സമാപന പൊതുസമ്മേളനത്തിന്റെ ആകാശ ദ്യശ്യം
കൂടെയുള്ളവരെ ഇരുളിന്‍റെ മറവില്‍ വഞ്ചിക്കുന്ന ചരിത്രം മുസ്‍ലിം ലീഗിനില്ല -സാദിഖലി തങ്ങൾ
മലപ്പുറം: പുതിയ കരുത്തും ദിശാബോധവും പകർന്ന് മുസ്ലിം ലീഗിന്‍റെ ത്രിദിന ജില്ല സമ്മേളനം സമാപിച്ചു. മുസ്ലിം ലീഗ് ജില്ല ഓഫിസിന് സമീപം തയാറാക്കിയ വേദിയിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കൂടെയുള്ളവരെ ഇരുളിന്‍റെ മറവില്‍ വഞ്ചിക്കുന്ന ചരിത്രം ലീഗിനില്ലെന്നും പകല്‍ വെളിച്ചത്തില്‍ പറയേണ്ടത് സത്യസന്ധമായി എവിടെയും ആരുടെ മുഖത്ത് നോക്കിപ്പറയുവാനുള്ള ചങ്കൂറ്റമാണ് കാണിച്ചിട്ടുള്ളതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമുദായിക ഐക്യത്തിനും സൗഹാർദത്തിനും മാത്രമേ നിലനിൽപ്പുള്ളുവെന്നും അതിനുവേണ്ടി പ്രവർത്തിച്ചാൽ വോട്ട് താനെ വരുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ വിഷയമടക്കമുള്ളവയിൽ നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയത് മുസ്ലിം ലീഗാണെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നിയമനിർമാണ സഭകളിലടക്കം ലീഗ് സജീവമായി ഇടപെടലുകളാണ് നടത്തുന്നതെന്ന് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു.
ജില്ല പ്രസിഡന്‍റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് സ്വാഗതമാശംസിച്ചു. ഉന്നതാധികാര സമിതി അംഗം കെ.പി.എ. മജീദ് എം.എല്‍.എ, ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇൻചാർജ് അഡ്വ. പി.എം.എ. സലാം, മുഹമ്മദ് നവാസ് ഗനി എം.പി, മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എം. ഷാജി, പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി നന്ദി പറഞ്ഞു.
‘രാജ്യത്തെ അരക്ഷിതാവസ്ഥയുടെ കാർമേഘം ഒഴിഞ്ഞുപോകും’
മലപ്പുറം: രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ കാര്‍മേഘം ഒഴിഞ്ഞുപോകുമെന്നും 1921ലുൾപ്പെടെ ഉണ്ടായ ഇതിലും വലിയ പ്രതിസന്ധികള്‍ നാം മറികടന്നതാണെന്നും മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി. ലീഗ് ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലെ ജനത വിദ്യാഭ്യാസം നേടിയാല്‍ മുസ്ലിം ലീഗിന്‍റെ മേല്‍ക്കോയ്മ ഇല്ലാതാകുമെന്ന് പറഞ്ഞവരോട് സ്വത്വ രാഷ്ട്രീയത്തിന്‍റെ ഏഴരപ്പതിറ്റാണ്ട് ആഘോഷിച്ചുകൊണ്ടാണ് മുസ്‍ലിം ലീഗ് മറുപടി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി മലപ്പുറത്ത് നടന്ന വിദ്യാര്‍ഥി സമ്മേളനം പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യുന്നു
എം.എസ്.എഫ് ജില്ല പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഐ.ടി.ഐ, പോളിടെക്‌നിക് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് പാണക്കാട് സാദിഖലി തങ്ങള്‍ ഉപഹാരം കൈമാറി. തൂത വാഫി കോളജിലെ വിദ്യാര്‍ഥി പി.എം.ആര്‍. ഹിഷാം രചിച്ച കവിത സാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു. ഇഹ്‌സാന്‍ നാടപറമ്പ് കവിത ആലപിച്ചു.
വിദ്യാര്‍ഥി രാഷ്ട്രീയം എന്ന വിഷയം അഡ്വ. ഫൈസല്‍ ബാബുവും ദേശീയ വിദ്യാഭ്യാസ നയം: സാമൂഹ്യ ചിന്തകള്‍ എന്ന വിഷയം പി.വി അഹമ്മദ് സാജുവും ലിംഗവിഭാഗങ്ങള്‍: പ്രകൃതിയും നർമിതിയും എന്ന വിഷയം റഷീദ് ഹുദവി ഏലംകുളവും അവതരിപ്പിച്ചു. എം.എൽ.എമാരായ അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുല്‍ ഹമീദ്, നജീബ് കാന്തപുരം, ഹരിത ജില്ല പ്രസിഡന്‍റ് അഡ്വ. കെ. തൊഹാനി, എം.കെ. ബാവ, നജ് വ ഹനീന, അഷ്ഹര്‍ പെരുമുക്ക്, ഫാരിസ് പൂക്കോട്ടൂര്‍, വി.എ. വഹാബ്, പി.എ. ജവാദ് എന്നിവർ സംസാരിച്ചു.
പുതുചരിത്രം തീർത്ത് ഭിന്നശേഷി സംഗമം
മലപ്പുറം: രാഷ്ട്രീയ പര്‍ട്ടികളുടെ സമ്മേളന ചരിത്രത്തില്‍ പുതിയ അധ്യായം തീർത്ത് ഭിന്നശേഷി സംഗമവുമായി മുസ്ലിം ലീഗ്. ജില്ല സമ്മേളന സമാപന സമ്മേളനത്തിന്‍റെ മുന്നോടിയായാണ് ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമായി സെഷന്‍ സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാർക്കുള്ള ലീഗിന്‍റെ പോഷക സംഘടനയായ ഡിഫറന്‍റ്ലി ഏബിൾഡ് പേഴ്സൺസ് ലീഗിന്‍റെ (ഡി.എ.പി.എൽ) നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ഭിന്നശേഷിക്കാർ പരിപാടിയിൽ സംബന്ധിച്ചു.
ഭിന്നശേഷിസംഗമത്തിനെത്തിയവർക്കൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി,അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ
സംഗമം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്താനാണ് മുസ്‍ലിം ലീഗ് പ്രസ്ഥാനം ശ്രമിച്ചിട്ടുള്ളതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അത്‌കൊണ്ടുതന്നെയാണ് ഇത്തരത്തിലൊരു സെഷന്‍ സംഘടിപ്പിച്ചത്. ഇതൊരു വലിയ മാറ്റമാണ്. സമൂഹം പിറകില്‍ നിര്‍ത്തുന്നവരെ മുന്നില്‍ നിര്‍ത്തി പുതിയ വിപ്ലവങ്ങള്‍ തീര്‍ക്കുന്ന ഇക്കാലത്ത് മുസ്‍ലിം ലീഗും ആ മാറ്റത്തിന്‍റെ മുന്നില്‍ നടക്കുകയാണ്.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ അവരെ മുന്നില്‍ നിര്‍ത്തി ലീഗ് മുന്‍പന്തിയിലുണ്ടാവുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഡി.എ.പി.എല്‍ ജില്ല പ്രസിഡന്‍റ് മനാഫ് മേടപ്പില്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്‍റ് ബഷീര്‍ മമ്പുറം മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

