ശക്തി വിളിച്ചോതി വനിത സമ്മേളനം
text_fieldsമുസ്ലിം ലീഗ് ജില്ല സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന വനിത സമ്മേളനം സംസ്ഥാന ജനറൽ
സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: മുസ്ലിം ലീഗിന്റെ ഘടനയിലും ബഹുജനാടിത്തറയിലും വൻതോതിലുള്ള സ്ത്രീ പങ്കാളിത്തം വിളിച്ചോതി വനിത സമ്മേളനം.മുസ്ലിം ലീഗ് ജില്ല സമ്മേളനത്തിന്റെ രണ്ടാം ദിവസം മലപ്പുറം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺഹാളിൽ വനിത ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനമാണ് സംഘാടനവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായത്.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇൻചാർജ് പി.എം.എ. സലാം സമ്മേളനം ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിക്കുന്ന ഇടത് സര്‍ക്കാറും ജനങ്ങളുടെ വിശ്വാസ പ്രമാണങ്ങളില്‍ തട്ടിക്കയറുന്ന കേന്ദ്ര സര്‍ക്കാറും രാജ്യത്തെ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ ഡിജിറ്റല്‍ മെംബര്‍ഷിപ് കാമ്പയിന് രാജ്യം ഭരിക്കുന്ന പാര്‍ട്ടികള്‍ക്കു പോലും ഇതുവരെ നടപ്പാക്കാനായിട്ടില്ല. 51 ശതമാനം വനിത പ്രാതിനിധ്യം അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിത ലീഗ് ജില്ല പ്രസിഡന്റ് കെ.പി. ജല്‍സീമിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ബുഷ്റ ഷബീര്‍ സ്വാഗതമാശംസിച്ചു. കുറുക്കോളി മൊയ്തിന് എം.എല്‍.എ, ഡോ. ഖമറുന്നിസ അന്‍വര്‍, അഡ്വ. കെ.പി. മറിയുമ്മ, എം.എ. ഖാദര്‍, ഷിബു മീരാന്‍, റംല വാക്കിയത്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാന് രണ്ടത്താണി, ഡോ. ആബിദ ഫാറൂഖി എന്നിവർ ക്ലാസെടുത്തു.
സംസ്ഥാന ഭാരവാഹികളായ സറീന ഹസീബ്, ഷാഹിന നിയാസി, ജില്ല ഭാരവാഹികളായ ഹാജറുമ്മ ടീച്ചര്‍, കെ.പി. വഹീദ, ജമീല അബൂബക്കര്‍, വി.കെ. സുബൈദ, അഡ്വ. റജീന മുസ്തഫ, ശ്രീദേവി പ്രാക്കുന്ന്, ആസിയ ടീച്ചര്‍, സുലൈഖ താനൂര്‍, പി.എ. നസീറ എന്നിവർ സന്നിഹിതരായിരുന്നു.മൂന്നു ദിവസം നീണ്ടുനിന്ന മുസ്ലിം ലീഗ് ജില്ല സമ്മേളനം ശനിയാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.രാവിലെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺഹാളിൽ വിദ്യാർഥി സമ്മേളനം, പൊതുസമ്മേളനം നടക്കുന്ന ജില്ല കമ്മിറ്റി ഓഫിസ് പരിസരത്തെ ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ വൈകീട്ട് അഞ്ചിന് ഭിന്നശേഷി സൗഹൃദ സംഗമം എന്നിവയും നടക്കും.
ഭീഷണികളെ ചെറുക്കാൻ നമുക്കാകണം -സമദാനി
മലപ്പുറം: ഇന്ത്യയുടെ വൈവിധ്യസൗന്ദര്യത്തെ തകര്‍ത്തെറിയാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയെ ഉയര്‍ത്തി സംസ്കാരത്തിനെതിരായ ഭീഷണികളെ ചെറുക്കാന്‍ നമുക്കാകണമെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. മുസ്ലിം ലീഗ് ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷത്തിനുമേല്‍ ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള് അടിച്ചേല്പിക്കുന്നതും ലിബറിസത്തിന്റെ പേരില്‍ മൂല്യനിരാസം ഒളിച്ചുകടത്തുന്നതും ജനാധിപത്യവിരുദ്ധമാണ്. ലിബറിസം സംസ്കാരത്തിനും രാഷ്ട്രീയത്തിനും ഒഴിച്ചുകൂടാനാകാത്തതായിരുന്നു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പേരില്‍ നിഷേധാത്മക കാര്യങ്ങള്‍ അടിച്ചേല്പിക്കാന് ശ്രമിക്കുന്നതിനെതിരെയും അപരത്വ നിര്മിതിക്കെതിരെയും ശക്തമായി നിലകൊള്ളണമെന്നും മതേരത്വം ശക്തിപ്പെടുത്താന്‍ കൂട്ടായ പ്രയത്നം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. ‘സാംസ്കാരിക അധിനിവേശം കേരള സമൂഹത്തിൽ’ വിഷയത്തിൽ കെ. വേണുവും ‘ദേശീയത: സാമൂഹിക-സാംസ്കാരിക വിവക്ഷകൾ’ വിഷയത്തിൽ വെങ്കിടേഷ് രാമകൃഷ്ണനും സംസാരിച്ചു. എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, പി.കെ. ബഷീർ എന്നിവർ സംസാരിച്ചു. കെ.എം. അബ്ദുൽ ഗഫൂർ സ്വാഗതവും പി.കെ.സി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

