നഗരസഭ-ജല വകുപ്പ് തമ്മിലുള്ള റവന്യു റിക്കവറി; തർക്കം പരിഹരിക്കാൻ നഗരസഭ
text_fieldsമലപ്പുറം: വെള്ളക്കരവും കെട്ടിട നികുതിയും അടവാക്കുന്നത് സംബന്ധിച്ച റവന്യു റിക്കവറി നടപടിയിൽ മലപ്പുറം നഗരസഭയും ജല വകുപ്പും തമ്മിലുള്ള സാങ്കേതിക തർക്കം പരിഹരിക്കാൻ ജല വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുമായി (ഇ.ഇ) നഗരസഭ ചർച്ച നടത്തും. ജല വകുപ്പിന് നഗരസഭ അടവാക്കാനുള്ള വെള്ളക്കരവും നഗരസഭക്ക് ജല വകുപ്പിൽനിന്ന് കെട്ടിട നികുതി ഇനത്തിൽ ലഭിക്കാനുള്ള തുകയും സംബന്ധിച്ച സാങ്കേതിക തർക്കത്തിലാണ് ജില്ല കലക്ടറുടെ നിർദേശ പ്രകാരം ചർച്ച നടത്തി തീരുമാനമെടുക്കുക.
കുടിവെള്ളം, മാലിന്യ നിർമാർജനത്തിനായി ‘നഗരസഞ്ചയം’ പദ്ധതിയിൽ 2021 മാർച്ച് 22ന് നഗരസഭക്ക് ലഭിച്ച 19.66 കോടി രൂപ ധനകാര്യ കമീഷൻ ഗ്രാന്റ് ജല വകുപ്പിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ, തുകക്കുള്ള വിശദ പദ്ധതി റിപ്പോർട്ട് ജല വകുപ്പിൽ നൽകാത്തത് കാരണം ഒരു വർഷത്തിനിടെ തുക നഗരസഭക്ക് ജല വകുപ്പ് തിരിച്ച് നൽകി.
ഈ കാലയളവിൽ ലഭിച്ച തുകയുടെ പലിശ ജല വകുപ്പ് നഗരസഭക്ക് നൽകിയതുമില്ല. ഇക്കാര്യം നഗരസഭ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതോടെ പലിശ ജലവകുപ്പ് തിരിച്ച് നൽകണമെന്ന് കാണിച്ച് നഗരസഭ കത്ത് നൽകി. എന്നാൽ, നഗരസഭ വിവിധ കണക്ഷനുകളിലായി വെള്ളക്കരം ഇനത്തിൽ ജല വകുപ്പിന് 14.98 ലക്ഷം നൽകാനുണ്ടെന്ന് കാണിച്ച് തിരിച്ച് റവന്യു റിക്കവറി നടപടിയുടെ കത്ത് കൈമാറി.
ഇതോടെ നഗരസഭ തിരിച്ച് ജല വകുപ്പിന് കെട്ടിട നികുതി കുടിശ്ശിക സംബന്ധിച്ച് റവന്യു റിക്കവറി നടപടിക്ക് കത്ത് നൽകി. കെട്ടിട നികുതിയിൽ കുടിശ്ശികയായ 14.18 ലക്ഷം ജല വകുപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഇരു വകുപ്പുകളും പരസ്പരം റവന്യു റിക്കവറിയിലേക്ക് പോയതോടെ പ്രശ്നത്തിൽ ജില്ല കലക്ടർ വി.ആർ. വിനോദ് ഇടപ്പെട്ട് ഇരുവിഭാഗം ഉദ്യോഗസ്ഥരെയും വിളിച്ച് കാര്യങ്ങൾ വിലയിരുത്തി.
യോഗത്തിൽ വെള്ളക്കര കുടിശ്ശിക 3.76 ലക്ഷമായി ജല വകുപ്പ് കുറച്ചിട്ടുണ്ട്. തുടർന്ന് വിഷയം നഗരസഭ കൗൺസിലിന്റെ പരിഗണനക്ക് വെക്കുകയായിരുന്നു. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗം പ്രശ്നം ചർച്ച ചെയ്ത് ജല വകുപ്പ് ഇ.ഇയുമായി ചർച്ച നടത്തി പരിഹരിക്കാമെന്ന് നിശ്ചയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

