തദ്ദേശ അമരത്ത് ഇക്കുറി കൂടുതൽ മഹിളകൾ
text_fieldsമലപ്പുറം: ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അമരത്ത് കൂടുതൽ വനിതകളെത്തും. കഴിഞ്ഞ തവണ 60 പ്രസിഡന്റുമാർ ഉണ്ടായിരുന്ന സ്ഥാനത്ത് അത് 63 ആയി ഉയരും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സംവരണ സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ നിശ്ചയിക്കപ്പെട്ടപ്പോൾ ഇക്കുറി ജില്ലയിൽ 63 തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനം സ്ത്രീകൾക്കാണ്. 94 പഞ്ചായത്തുകളിൽ 47 ഇടത്തും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലും എട്ടിടത്തുവീതവും സ്ത്രീകളാണ് അധ്യക്ഷരായി വരിക. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ സംവരണ വിഭാഗങ്ങളിലാണ് ഇത്രയും പേർ ഭരിക്കുക.
പഞ്ചായത്തുകളിൽ സ്ത്രീ സംവരണത്തിൽ 41ഉം പട്ടികജാതി സ്ത്രീ സംവരണത്തിൽ അഞ്ചും പട്ടികവർഗ സ്ത്രീ സംവരണത്തിൽ ഒന്നും വനിതകൾ നേതൃസ്ഥാനങ്ങളിലെത്തും. പൊന്നാനി, പെരിന്തൽമണ്ണ, മലപ്പുറം, നിലമ്പൂർ, താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി നഗരസഭകളുടെ ചെയർപേഴ്സൻ സ്ഥാനം ഇത്തവണ വനിത സംവരണമാണ്. ചാലിയാർ പഞ്ചായത്തിൽ ആദിവാസി വിഭാഗത്തിൽനിന്നുള്ള സ്ത്രീയാണ് സംവരണ വ്യവസ്ഥപ്രകാരം അധ്യക്ഷ സ്ഥാനത്ത് എത്തുക.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് ഉൾപ്പെടെ 60 തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനം വനിതകളാണ് അലങ്കരിച്ചത്. ജില്ല പഞ്ചായത്തും നാല് നഗരസഭകളും ഉൾപ്പെടെ 60 തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനം വനിതകൾക്കായിരുന്നു.
15 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ട് എണ്ണത്തിലും പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചത് വനിതകൾ. ഇതിൽ ഒന്ന് പട്ടികജാതി സ്ത്രീയാണ്. 94 പഞ്ചായത്തുകളിൽ 47 ഇടത്ത് പ്രസിഡന്റ് സ്ഥാനം വനിതകൾക്കായിരുന്നു. ഇതിൽ അഞ്ച് എണ്ണം പട്ടികജാതി സ്ത്രീകളും. ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11നാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

