മലപ്പുറം താലൂക്ക് ആശുപത്രിയിൽ അത്യാധുനിക ഐ.സി യൂനിറ്റും കാരുണ്യ ഫാർമസിയും
text_fieldsമലപ്പുറം: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പുതുതായി അനുവദിച്ച കാരുണ്യ ഫാർമസിയുടെയും ആധുനിക ഐ.സി യൂനിറ്റിന്റെയും ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും. ആധുനിക ഐ.സി.യുവിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള അഞ്ച് കിടക്കകളടങ്ങിയ യൂനിറ്റാണ്. എമർജൻസി കോവിഡ് റസ്പോൺസ് ഫെയിസ് ഫണ്ടിൽനിന്ന് 84,25,000 രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ 74ാംത്തെ കാരുണ്യ ഫാർമസിയാണ് മലപ്പുറത്ത് തുടങ്ങുന്നത്. 93ശതമാനം വരെ വിലക്കുറവിലാണ് കാരുണ്യ ഫാർമസിയിൽ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുക. ജില്ല ആസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണവും ആവശ്യകതയും കണക്കിലെടുത്താണ് ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നത്.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ കാരുണ്യ ഫാർമസി പ്രവർത്തിക്കും. ശീതികരണ സംവിധാനം ഉൾപ്പെടെയാണ് ഫാർമസി സജ്ജീകരിച്ചിരിക്കുന്നത്. 75 ലക്ഷത്തോളം രൂപയുടെ മുവായിരത്തിൽപരം മരുന്നുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്.
താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തുന്നവരുടെ ആവശ്യം അനുസരിച്ച് കൂടുതൽ മരുന്നുകൾ എത്തിക്കും. താലൂക്ക് ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒ.പി. നവീകരണത്തിനായി 80 ലക്ഷം രൂപകൂടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഡി.പി.ആർ തയാറാക്കിവരുകയാണെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

