വെള്ളിയാർ തീരത്ത് ആര് വാഴും ?
text_fieldsമേലാറ്റൂർ: പെരിന്തൽമണ്ണ മണ്ഡലത്തിൽ വീറും വാശിയുമേറിയ തെരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്താണ് മേലാറ്റൂർ. കഴിഞ്ഞ രണ്ടു തവണ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം സീറ്റുകൾ പങ്കിട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഗോദയിൽ പോരാട്ടം കനത്തത്. രണ്ടു തവണയും നറുക്കെടുപ്പിലൂടെ ഭരണസമിതിയെ തെരഞ്ഞെടുത്ത വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ഇത്തവണ ആരെ തുണക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
16 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ 2015ലും 2020ലും എട്ട് സീറ്റുകൾ വീതം പങ്കിട്ട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയപ്പോൾ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫാണ് ഭരണത്തിലെത്തിലേറിയത്. ഇതിനാൽ, ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിർത്താൻ എൽ.ഡി.എഫും അങ്കത്തട്ടിൽ കടുത്ത പ്രചാരണച്ചൂടിലാണ്. ഒരുകാലത്ത് യു.ഡി.എഫ് കോട്ടയായിരുന്നു മേലാറ്റൂർ. 2000-2005 കാലഘട്ടത്തിൽ 11 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ പ്രസിഡൻറ് പദവിയിലിരുന്ന മുസ്ലിം ലീഗിലെ നാട്ടിക വി. മൂസ മൗലവി മരിച്ച സാഹചര്യത്തിൽ വാർഡുകൾ ഒപ്പത്തിനൊപ്പം വന്നതോടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.
കക്ഷിനില
ആകെ -16, എൽ.ഡി.എഫ് -8, യു.ഡി.എഫ് -8, (മുസ്ലിം ലീഗ് -6, കോൺഗ്രസ് -2)
എൽ.ഡി.എഫ് അംഗം മേലാറ്റൂർ പത്മനാഭൻ പ്രസിഡന്റായി. പിന്നീട്, ആറ് മാസത്തിന് ശേഷം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ പി.കെ. അബൂബക്കർ ഹാജി വിജയിച്ചതോടെ വീണ്ടും യു.ഡി.എഫ് അധികാരത്തിലേറി. അവസാന 10 വർഷമായി എൽ.ഡി.എഫാണ് ഭരണം കൈയാളുന്നത്. 2015ലെ നറുക്കെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽ.ഡി.എഫിന് ലഭിച്ചപ്പോൾ 2020ൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനുമാണ് ലഭിച്ചത്. പഞ്ചായത്ത് രൂപവത്കരണത്തിന് ശേഷം ആകെ 10 വർഷവും ആറ് മാസവും മാത്രമാണ് എൽ.ഡി.എഫ് ഭരിച്ചത്. ബാക്കിയുള്ള കാലയളവ് മുഴുവൻ യു.ഡി.എഫ് ഭരിച്ചു. ഇത്തവണ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ പറഞ്ഞ് എൽ.ഡി.എഫ് വോട്ട് ചോദിക്കുമ്പോൾ വികസനമുരടിപ്പ് ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണ രംഗത്തുള്ളത്. വാർഡ് വിഭജനത്തിൽ 18 വാർഡുകളായി ഉയർന്നപ്പോൾ ഏത് മുന്നണി വാഴുമെന്ന ഉദ്വേഗത്തിലാണ് നേതാക്കളും വോട്ടർമാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

