പുകക്കുഴൽ പൊളിച്ചുനീക്കി; മേലാറ്റൂരിന്റെ ഓട്ടുകമ്പനി ഇനി ഓർമ
text_fieldsഇന്ദിര ടൈൽ വർക്സ്’ ഓട്ടുകമ്പനിയുടെ പുകക്കുഴൽ നിലംപൊത്തുന്നു
മേലാറ്റൂർ: പതിറ്റാണ്ടുകളായി മേലാറ്റൂരിൽ തല ഉയർത്തിനിന്നിരുന്ന ഓട്ടുകമ്പനിയുടെ പുകക്കുഴൽകൂടി പൊളിച്ചുനീക്കിയതോടെ പ്രദേശം കാത്തുസൂക്ഷിച്ചിരുന്ന ചരിത്രശേഷിപ്പുകളിൽ മറ്റൊന്നുകൂടി കാലയവനികയിലേക്ക് മറഞ്ഞു. മേലാറ്റൂർ പട്ടണത്തിന്റെ ലാൻഡ് മാർക്കായിരുന്ന ‘ഇന്ദിര ടൈൽ വർക്സ്’ ഓട്ടുകമ്പനിയുടെ പുകക്കുഴലാണ് ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ പൊളിച്ചുനീക്കിയത്.
മുക്കാൽ നൂറ്റാണ്ടെങ്കിലും പഴക്കമുള്ള, ജീർണാവസ്ഥയിലായിരുന്ന പുകക്കുഴൽ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സുരക്ഷിതമായി പൊളിച്ചുമാറ്റിയത്. മേലാറ്റൂരിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ വ്യവസായശാലയായിരുന്നു ഇന്ദിരാ ടൈൽ വർക്സ്. കാലക്രമേണ ഓടുകളുടെ ഉപയോഗം കുറഞ്ഞുവന്നതോടെയാണ് ഇതിന് മങ്ങലേറ്റത്.
മേലാറ്റൂരിലെ ഒരുപാട് കുടുംബങ്ങളുടെ ജീവിതമാർഗം കൂടിയായിരുന്ന ഈ കമ്പനി 1995ലാണ് മേലാറ്റൂർ ദാറുൽഹികം ഇസ്ലാമിക് സെൻറർ വാങ്ങിയത്. പിന്നീട്, പല കമ്പനികളും ഓട് വ്യവസായം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക സൗകര്യങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും അഭാവം കാരണം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസം നേരിട്ടു. അതോടെ കമ്പനി നിലച്ചു. 2024 ഒക്ടോബറിലാണ് ഓട്ടുകമ്പനി പൊളിക്കാൻ തുടങ്ങിയത്. മറ്റു കെട്ടിടങ്ങൾ നേരത്തെ പൊളിച്ചുമാറ്റിയിരുന്നെങ്കിലും പുകക്കുഴൽ പൊളിച്ചിരുന്നില്ല. ഓട്ടുകമ്പനി നിന്നിരുന്ന നാലേക്കറോളം സ്ഥലത്ത് പുതിയ പദ്ധതികൾ കൊണ്ടുവരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

