പോരൂരിൽ മധ്യകാലത്തെ ഇരുമ്പയിര് ഖനന കേന്ദ്രം കണ്ടെത്തി
text_fieldsവണ്ടൂർ: പോരൂർ പഞ്ചായത്തിലെ 16ാം വാർഡിലെ ആലിക്കോടിന് സമീപമുള്ള അരിപ്പൻ കുന്നിൽ മധ്യകാലത്തെതെന്ന് കരുതുന്ന ഇരുമ്പയിര് ഖനനകേന്ദ്രം കണ്ടെത്തി. ആദ്യചേര രാജാക്കന്മാർ മുതൽ ബ്രിട്ടീഷ്ഭരണ കാലംവരെ മധ്യകേരളത്തിൽനിന്ന് ഇരുമ്പ് കയറ്റി അയച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു.
പ്ലീനി, ടോളമി മുതലായ സഞ്ചാരികൾക്കുപുറമെ സംഘകാല സാഹിത്യത്തിലും വില്യംലോഗന്റെ മലബാർ മാന്വലിലും ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മലബാറിലെ ഇരുമ്പിന് റോമിലും ഗ്രീക്കിലും അറേബ്യൻ രാജ്യങ്ങളിലും വളരെ ഏറെ ഡിമാൻഡ് ഉണ്ടായിരുന്നതായി ചരിത്രരേഖകൾ പറയുന്നു.
ഇരുമ്പയിര് പ്രത്യേകതരം ചൂളയിൽ ഉരുക്കി ബ്ലേഡായി അടിച്ചു പരത്തിയാണ് കയറ്റി അയച്ചിരുന്നത്. പൊന്നാനി തുറമുഖത്തുനിന്ന് മധ്യകാലത്തു കയറ്റി അയച്ചിരുന്ന പ്രധാന ഉൽപന്നം ഇരുമ്പ് ആയിരുന്നു എന്ന് പ്രാചീന തുറമുഖ രേഖകളിലുണ്ട്.
ചരിത്രകാരനും ഡോക്യൂമെന്ററി സംവിധായകനുമായ പി.ടി. സന്തോഷ് കുമാറും പ്രദേശവാസിയായ ബാപ്പു ഭാരതീയനുമാണ് ചരിത്രപ്രാധാന്യമുള്ള ഈ ഗുഹ കണ്ടെത്തിയത്. ഇത്തരത്തിൽ പത്തിലധികം ഖനിപ്രദേശങ്ങൾ ഈ കുന്നിലുണ്ടെന്ന് ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

