ജനറൽ ആശുപത്രി; മെഡിക്കൽ കോളജ് അധികൃതരും നഗരസഭയും പരസ്യപ്പോരിലേക്ക്
text_fieldsമഞ്ചേരി ഗവ. മെഡിക്കൽ കോളജ് പരിസരത്ത് സ്ഥാപിച്ച
മുന്നറിയിപ്പ് ബോർഡ്
മഞ്ചേരി: ജനറൽ ആശുപത്രി പ്രവർത്തിപ്പിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) രൂപവത്കരിക്കാൻ നഗരസഭക്ക് അനുമതി നൽകിയതിന് പിന്നാലെ മെഡിക്കൽ കോളജ് അധികൃതരും നഗരസഭയും പരസ്യപ്പോരിലേക്ക്.‘അനുവാദം കൂടാതെ മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിൽ ബോർഡുകളും മറ്റും സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമ നടപടി സ്വീകരിക്കുമെന്ന് കാണിച്ച് പ്രിൻസിപ്പൽ ആശുപത്രി പരിസരത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
ജനറൽ ആശുപത്രി ഏറ്റെടുത്ത് നടത്താൻ നഗരസഭ തയാറാണെന്നും ആശുപത്രിയുടെ ബോർഡ് സ്ഥാപിക്കുമെന്നും ചെയർപേഴ്സൻ വി.എം. സുബൈദ കഴിഞ്ഞ ദിവസം ജില്ല കലക്ടറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ പുതിയ നടപടി. ജനറൽ ആശുപത്രി നഗരസഭക്ക് കൈമാറിയെന്ന് മന്ത്രി വീണാ ജോർജ് മഞ്ചേരിയിൽ പൊതുവേദിയിൽ പ്രഖ്യാപിച്ചതിന്റെ തുടർനടപടിയായാണ് ആരോഗ്യ വകുപ്പ് അഡിഷനൽ ഡയറക്ടർ എച്ച്.എം.സി രൂപവത്കരിക്കാൻ ഉത്തരവ് ഇറക്കിയത്.
ഇതിന് പിന്നാലെ ജനറൽ ആശുപത്രി ഏറ്റെടുക്കാൻ തയാറാണെന്നും ഉടൻ എച്ച്.എം.സി രൂപവത്കരിക്കുകയാണെന്നും കാണിച്ച് മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദയുടെ നേതൃത്വത്തിൽ കൗൺസിലർമാർ ജില്ല കലക്ടർ വി.ആർ. വിനോദിനെ കണ്ടു. ഈ സമയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ അനിൽരാജ്, ആശുപത്രി സൂപ്രണ്ട് ഡോ.ആർ. പ്രഭുദാസ് എന്നിവരും കലക്ടറുടെ ചേംബറിൽ ഉണ്ടായിരുന്നു.
എച്ച്.എം.സി രൂപീകരിക്കാൻ നഗരസഭ ഒരുക്കമാണെന്നും ജനറൽ ആശുപത്രി പ്രവർത്തിപ്പിക്കാൻ ഏത് കെട്ടിടമാണെന്ന് അറിയിക്കണമെന്നും ചെയർപേഴ്സൻ കലക്ടറോട് ആവശ്യപ്പെട്ടു. പഴയ ബ്ലോക്ക് നൽകണമെന്നാണ് നഗരസഭയുടെ ആവശ്യം. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുമ്പോൾ ഇത് ആശുപത്രിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇതിനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ അനിൽരാജ് എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

