നൂറാടിയിലെ എം.സി.എഫ് കത്തിയമർന്നു
text_fieldsകോഡൂർ നൂറാടിയിൽ മാലിന്യ ശേഖരണ കേന്ദ്രത്തിൽ തീപിടിച്ചപ്പോൾ
മലപ്പുറം: കോഡൂർ പഞ്ചായത്തിലെ മാലിന്യശേഖരണ കേന്ദ്രത്തിന് (എം.സി.എഫ്) തീപിടിച്ചു. രണ്ടാം വാർഡ് വടക്കേമണ്ണയിൽ നൂറാടിയിലെ കടലുണ്ടി പുഴക്ക് സമീപമുള്ള എം.സി.എഫിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
അപകടസമയം എട്ട് ഹരിതകർമ സേനാംഗങ്ങൾ എം.സി.എഫിനകത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പൊട്ടിത്തെറി ശബ്ദംകേട്ട് ഇതിൽ ഒരാൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ എല്ലാവരും പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇവരുടെ പണവും ബാഗും തിരിച്ചറിയൽ രേഖകളും ഒരാളുടെ മൊബൈൽ ഫോണും എം.സി.എഫിന് അകത്തായിരുന്നു. ഏകദേശം 12,000 രൂപയോളം നഷ്ടപ്പെട്ടതായി ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു. മലപ്പുറം ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തൊട്ടടുത്തെ കടലുണ്ടി പുഴയിൽ മോട്ടോർവച്ച് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്.
പെരിന്തൽമണ്ണയിൽനിന്ന് മറ്റൊരു പവർ പമ്പുകൂടി സ്ഥലത്ത് എത്തിച്ചാണ് തീ പൂർണമായും അണക്കാനായത്. എം.സി.എഫിനോട് പ്രദേശവാസികൾക്ക് എതിർപ്പുണ്ടായിരുന്നതായി ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു. ആരെങ്കിലും മനഃപൂർവം തീയിട്ടതാണോയെന്ന സംശയവുമുണ്ട്. എം.സി.എഫിന് ഫയർ ഓഡിറ്റ് കഴിഞ്ഞ ദിവസമാണ് നടന്നത്. ഷോർട്ട് സർക്യൂട്ടിന് സാധ്യതയില്ലെന്ന് ഹരിതകർമ സേനാംഗങ്ങൾ പറയുന്നു. സമീപമുള്ള വൈദ്യുതിലൈനിൽനിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാവാമെന്ന് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്.
കെ.എസ്.ഇ.ബിയുടെ പരിശോധനയിലേ ഇത് വ്യക്തമാവുകയുള്ളു. മുൻവർഷങ്ങളിൽ കടലുണ്ടിപ്പുഴയിലെ വെള്ളം കയറി ഇവിടുത്തെ മാലിന്യം ഒലിച്ചുപോയിരുന്നു. കെട്ടിടത്തിന് ചുറ്റുമതിലോ നിരീക്ഷണ കാമറകളോ ഇല്ല. പഞ്ചായത്ത് എം.സി.എഫിന് മതിയായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

