അവർ പിറക്കട്ടെ സുരക്ഷിത കരങ്ങളിൽ
text_fieldsഅവിചാരിതമായി അപകടം സംഭവിച്ചാൽ കൃത്യമായ ചികിത്സ നൽകി അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ പ്രസവം ആശുപത്രികളിൽ നടക്കുന്നു എന്നുറപ്പാക്കണം
മലപ്പുറം: ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കുന്നതിന് ബോധവത്കരണം ശക്തമാക്കി ആരോഗ്യവകുപ്പ്. പ്രസവം ഏതുസമയത്തും അതിസങ്കീർണമായേക്കാമെന്നും അത് യഥാസമയം കൈകാര്യം ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. മാതൃമരണങ്ങളുടെ കാരണങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന അമിത രക്തസ്രാവം, അമിതരക്തസമ്മർദം, അണുബാധ എന്നിവ തടയാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയും നിയന്ത്രിക്കുകയുമാണ് ഡോക്ടർമാരും നഴ്സുമാരും ചെയ്യുന്നത്.
പ്രസവത്തോടനുബന്ധിച്ച് അവിചാരിതമായി അപകടങ്ങൾ സംഭവിച്ചാൽ കൃത്യമായ ചികിത്സ നൽകി അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ പ്രസവം ആശുപത്രികളിൽ തന്നെ നടക്കുന്നു എന്നുറപ്പിക്കണം. സർക്കാർ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി ഒരു ജീവനും പൊലിയാതെ നോക്കാൻ മാതാപിതാക്കൾക്ക് ബാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ഗാർഹിക പ്രസവം: അപകടസാധ്യത എന്തെല്ലാം
പ്രസവശേഷം സാധാരണയായി ഹോർമോൺ പ്രവർത്തനത്തിൽ ഗർഭപാത്രം ചുരുങ്ങും. എന്നാൽ, ഇത് ചുരുങ്ങാതെ വന്നാൽ അമിതമായി രക്തം പുറത്തുവരുന്ന പ്രശ്നമുണ്ടാകും. അപ്പോൾ കൃത്യസമയത്ത് ശരിയായ ചികിത്സ കിട്ടാതെ വന്നാൽ മരണംവരെ സംഭവിക്കാം.
അമിതമായ വിളർച്ച, ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിക്കുക എന്നീ അവസ്ഥകളുള്ളവർക്കും പ്രസവസമയത്ത് അമിത രക്തസ്രാവം സംഭവിക്കാം. കുഞ്ഞ് പിറന്നതിനുശേഷം മറുപിള്ള (പ്ലാസന്റ) പുറത്തുവരുന്നതിനു മുമ്പുള്ള സമയത്ത് അമിത രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് മനസ്സിലാക്കി ലേബർ റൂമുകളിൽ ഗർഭപാത്രം ചുരുങ്ങാനുള്ള മരുന്നു നൽകുന്നുണ്ട്. ഇതാണ് അമ്മമാർക്ക് ജീവൻ രക്ഷ മരുന്നാകുന്നത്.
കുഞ്ഞിന്റെ ഹൃദയമിടിപ്പ്, അണുബാധ സാധ്യത
പ്രസവം നടക്കുന്ന വേളയിൽ, കൃത്യമായ ഇടവേളകളിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നോക്കുന്നത് വളരെ പ്രധാനമാണ്. ഇലക്ട്രോണിക് ഫീറ്റൽ മോണിറ്ററിങ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. പ്രശ്നസാധ്യതയുള്ള കുഞ്ഞുങ്ങളിൽ തുടർച്ചയായ പരിശോധന ആവശ്യമാണ്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് അമിതമായി കുറഞ്ഞുവരികയാണെങ്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ രക്ഷിക്കേണ്ടതായിവരും.
പ്രസവത്തോടനുബന്ധിച്ച് അമ്മക്കും കുഞ്ഞിനും ഉണ്ടാകാൻ സാധ്യതയുള്ള അണുബാധ തടയൽ പരമ പ്രധാനമാണ്. അതിനായി പ്രസവമുറിയും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഗർഭകാലപരിചരണവും അനുബന്ധചികിത്സയും അമ്മക്കും കുഞ്ഞിനും തികച്ചും സൗജന്യമായാണ് സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നത്. എല്ലാ സർക്കാർ ആശുപത്രികളിലും പ്രസവമുറി, ഓപ്പറേഷൻ തിയറ്റർ എന്നിവ ഒരുക്കിയിട്ടുണ്ട്.
രക്തസമ്മർദം, ദീർഘമായ പ്രസവം
പ്രസവത്തിനുമുമ്പ് രക്തസമ്മർദം വളരെ സാധാരണമായിരുന്നവരിൽപോലും പ്രസവസമയത്തോ അതിനുശേഷമോ അസാധാരണമായി രക്തസമ്മർദം കൂടുന്ന അവസ്ഥ വരാം. ഇതിന്റെ പ്രത്യാഘാതമായി അപസ്മാരം ഉൾപ്പെടെ ഉണ്ടാകാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. അപൂർവമായി ആണെങ്കിലും പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന തലച്ചോറിലെ രക്തസ്രാവം, അപസ്മാരം എന്നിവ മാതൃമരണത്തിന് കാരണമാകാം.
എല്ലാ പരിശോധന ഫലങ്ങളും നോർമൽ ആണെങ്കിലും ചില സ്ത്രീകൾക്ക് പെട്ടെന്ന് പ്രസവം തടസ്സപ്പെടാൻ സാധ്യതയുണ്ട്. നല്ല ശ്രദ്ധ പുലർത്തിയാലേ ഇത് തിരിച്ചറിയാൻ കഴിയൂ. മണിക്കൂറുകൾ നീളുന്ന പ്രസവസമയത്ത് കുഞ്ഞ് വരുന്ന ഇടുപ്പെല്ലിലൂടെയുള്ള സഞ്ചാരാപാതയിൽ തടസ്സം വരുന്നതാണ് ഈ സ്ഥിതി.
കുഞ്ഞിന്റെ വലുപ്പക്കൂടുതൽ കൊണ്ടോ സഞ്ചാരപാതയുടെ വ്യാപ്തിക്കുറവുകൊണ്ടോ, സഞ്ചാരപാതയിൽ ശരിയായ ദിശയിലല്ലാതെ കുഞ്ഞ് പ്രവേശിക്കുന്നതുകൊണ്ടോ ഒക്കെ ഇതു സംഭവിക്കാം. കുഞ്ഞ് കുറെ നേരം അമ്മയുടെ ഗർഭഭപാത്രത്തിൽ കുടുങ്ങിക്കിടക്കുന്നത് മനസ്സിലാക്കാതിരുന്നാൽ, ഓക്സിജൻ തലച്ചോറിൽ എത്തുന്നത് കുറഞ്ഞ് ഹൈപോക്സിയ ഉണ്ടാകാം. ഈ അവസ്ഥയിൽ കുഞ്ഞിനെ ജീവനോടെ കിട്ടിയാലും തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറഞ്ഞ് ബുദ്ധിമാന്ദ്യം സംഭവിക്കാനും സെറിബ്രൽ പാൾസി പോലുള്ളവ ഉണ്ടാകാനും സാധ്യതയുണ്ട്.
സുരക്ഷിത പ്രസവം: ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു
മലപ്പുറം: ഗാർഹിക പ്രസവങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൽ മികച്ച ഫീൽഡ് തല പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആരോഗ്യപ്രവർത്തകരെ ആരോഗ്യവകുപ്പ് അനുമോദിച്ചു. മലപ്പുറം ഡി.ടി.പി.സി ഹാളിൽ നടന്ന ചടങ്ങ് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആദ്യപ്രസവങ്ങൾ വീടുകളിലായിരുന്ന സ്ത്രീകളെ ശാസ്ത്രീയമായ സമീപനങ്ങളിലൂടെ വീട്ടിൽവെച്ചുള്ള പ്രസവത്തിന്റെ സങ്കീർണ്ണതകളും ആശുപത്രി പ്രസവങ്ങളുടെ ആരോഗ്യ നേട്ടങ്ങളും ബോധ്യപ്പെടുത്തി തുടർപ്രസവങ്ങൾ ആശുപത്രിയിൽ നടത്തുന്നതിൽ വിജയം കൈവരിച്ചതിനാണ് ഈ അംഗീകാരം.
ജില്ലയിൽ 100 ശതമാനം ആശുപത്രി പ്രസവം നേടുന്നതിന് തുടക്കം കുറിച്ച കാമ്പയിനിലാണ് ഇവരെ ആദരിച്ചത്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ശ്രീകുമാരി തൃക്കലങ്ങോട്, ടി.ഡി. ഡീതു തിരുനാവായ, ലിജിതാസ് കരുവാരകുണ്ട്, കെ.പി. ഷീജ ഓമാനൂർ, ആതിര കാവന്നൂർ, കല പാണക്കാട്, രഞ്ജുഷ പാണക്കാട്, രേഷ്മ മമ്പാട്, അജ്മി തേവർ കടപ്പുറം, സാജിത തുവ്വൂർ, ബേബി ആനക്കയം, ഷൈനി കോട്ടക്കൽ, കണ്ണമംഗലം ഉഷ, ലിജി മമ്പാട്, എസ്.ആർ. ആര്യ തമ്പി തൂവ്വൂർ, തൃപ്പനച്ചി എം.എൽ.എസ്.പിമാരായ സുനു മമ്പാട്, റുബയ്യ കരുവാരകുണ്ട്, ആശാപ്രവർത്തകരായ ഇന്ദിര മമ്പാട്, ശാന്ത കണ്ണമംഗലം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജി കരുവാരകുണ്ട് എന്നിവരാണ് അംഗീകാരം നേടിയത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. അനൂപ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. പമീലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

